കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം. യുകെയിൽ നിന്ന് നാട്ടിലെത്തിയയാൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ് പൊസിറ്റീവാണ്. ഇവരുടെ സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഭാര്യ മാതാവും നിലവിൽ നിരീക്ഷണത്തിലാണ്. അതേ സമയം എത്തിഹാദ് വിമാനത്തിൽ 6 ആം തിയ്യതി എത്തിയ മറ്റ് യാത്രക്കാരും നിരീക്ഷണത്തിലാണ്.
കേരളത്തിൽ ആദ്യ ഒമിക്രോൺ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റെറിലും ഡൽഹിയിലും നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഈ മാസം ആറിനാണ് എറണാകുളം സ്വദേശി 39 കാരൻ യുകെയിൽ നിന്ന് അബുദബി വഴി കൊച്ചിയിലെത്തിയത്. ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും എട്ടിന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും രോഗ വ്യാപനം തടയാനുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം തുടരുമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്കും നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റീനിലേക്കും മാറ്റുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.