മുതിർന്ന പൗരർക്ക് ഏതാവശ്യത്തിനും ‘എൽഡർ ലൈൻ 14567’
വയോജനങ്ങൾക്കായി വാർഡ് തലത്തിൽ കൗൺസിൽ രൂപീകരിക്കും: മന്ത്രി ആർ ബിന്ദു
മുതിർന്ന പൗരന്മാർക്ക് ഏതാവശ്യത്തിനും സഹായം തേടാവുന്ന ഹെൽപ്‌ലൈൻ നമ്പർ- ‘എൽഡർ ലൈൻ 14567’ നിലവിൽവന്നു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിളിച്ച് സഹായം അഭ്യർഥിക്കാം. ആഴ്ചയിൽ എല്ലാദിവസങ്ങളിലും പ്രവർത്തിക്കും. 55 വയസ്സ് മുതലുള്ളവർക്ക് സേവനം ലഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പദ്ധതിയുടെ ഉദ്‌ഘാടനവും പ്രൊമോ വീഡിയോ പ്രകാശനവും നിർവ്വഹിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് ബ്രോഷർ പ്രകാശനവും നിർവഹിച്ചു.
വയോജനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന സർക്കാരിൻറെ ഉത്തരവാദിത്വം ഉറപ്പിക്കുകയാണ് എൽഡർ ലൈനിലൂടെ സാമൂഹ്യനീതി വകുപ്പ് ചെയ്യുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വയോജനങ്ങൾക്കായുള്ള നിയമം 90 ശതമാനവും പാലിക്കപെടാൻ വളരെയധികം ജാഗ്രത വേണം. വയോജനങ്ങൾക്കായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. എൽഡർ ലൈനിലൂടെ വരുന്ന പരാതികൾ ട്രേസ് ചെയ്തു അടിസ്ഥാനപരമായ പദ്ധതികൾക്ക് രൂപം കൊടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി വാർഡുകൾ തോറും കൗൺസിലുകൾ രൂപീകരിച്ച് അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നടപ്പിലാക്കും. സൈക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കും. വയോജനങ്ങൾക്കായി സർവ്വേ അടിയന്തരമായി നടപ്പിലാക്കും. സർവേയിലൂടെ ലഭിക്കുന്ന പരാതികൾ മനസ്സിലാക്കി അതിലൂടെ പദ്ധതികൾ നടപ്പിലാക്കി വയോജനങ്ങൾക്കുള്ള സുരക്ഷാകവചം നിർമ്മിക്കുകയാണ് സർക്കാർ ചെയ്യുക.
വയോജനങ്ങൾക്കായുള്ള വിവിധ സർക്കാർ സേവനങ്ങളെക്കുറിച്ച് പൊതുവിൽ അജ്ഞത നിലനിൽക്കുന്നുണ്ട്. അവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവഴി ഒരു ഫോൺവിളിയിലൂടെ കിട്ടും. കേരള പോലീസും ആരോഗ്യവകുപ്പും റവന്യൂ വകുപ്പും എല്ലാം ഈ പദ്ധതിയുടെ പിന്നണിയിലുണ്ടെന്നത് വയോജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. നമ്മുടെ മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഗുണപരമായ ഒരു മാറ്റം പദ്ധതി കൊണ്ടുവരുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന സാമൂഹിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, വകുപ്പ് ഡയറക്ടർ എം അഞ്ജന, ജോയിന്റ് ഡയറക്ടർ ജലജ ഒ എസ്, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, റവന്യൂ വകുപ്പ് ചീഫ് സെക്രട്ടറി എ ജയതിലക്, ആരോഗ്യ വകുപ്പ് ചീഫ് സെക്രട്ടറി രാജൻ ഖോബ്രഡേ, ഡിജിപി അനിൽ കാന്ത്, സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി കെ ടി നിസാർ അഹമ്മദ്, വയോജന കൗൺസിലംഗം അമരവിള രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.