കൊച്ചി : രാജ്യത്തെ വിവാഹ നിയമങ്ങൾ ഉടച്ചു വാർക്കേണ്ട സമയമായെന്നു നിരീക്ഷിച്ച് ഹൈക്കോടതി.
വിവാഹത്തിനും വിവാഹ മോചനത്തിനും എല്ലാവർക്കും പൊതുവിൽ ബാധകമായ മതനിരപേക്ഷ നിയമം കാലത്തിന്റെ ആവശ്യമാണ്. സ്വന്തം മതവിശ്വാസം അനുസരിച്ചു വ്യക്തികൾ വിവാഹം നടത്തുന്നതിനു പുറമേ ഏകീകൃത നിയമപ്രകാരമുള്ള വിവാഹ നടപടികളും നിർബന്ധമാക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്കു വിവാഹമോചനം അനുവദിച്ചതു ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ അപ്പീൽ തള്ളിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. വിവാഹമോചന നിയമത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്ന വിധിന്യായത്തിൽ, പങ്കാളിക്കു താൽപര്യമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതു ‘വൈവാഹിക പീഡനം’ (മാരിറ്റൽ റേപ്) ആണെന്നും അതു വിവാഹമോചനം അനുവദിക്കാൻ തക്ക ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹ, വിവാഹമോചന കാര്യങ്ങളിൽ ഏകീകൃത നിയമം കൊണ്ടുവരാൻ ബുദ്ധിമുട്ടില്ല. വ്യക്തി നിയമത്തിന്റെ പേരിൽ പൊതുനിയമത്തിൽ നിന്ന് ആരെയും ഒഴിവാക്കരുത്. സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം പങ്കാളിയുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും മേലെയുള്ള അതിക്രമമാണ്. ഇത്തരം കേസുകളിൽ വിവാഹമോചനം നിഷേധിച്ച് ദുരിത ജീവിതം തുടരണമെന്നു പറയാൻ കോടതികൾക്കാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.വിവാഹവും വിവാഹ മോചനവും സംബന്ധിച്ചു വ്യക്തികളുടെ കാഴ്ചപ്പാടിനു പ്രാധാന്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്.വിവാഹജീവിതം ദുസ്സഹമാണെങ്കിൽ പിരിയാൻ തീരുമാനിച്ച് ഏറെപ്പേർ മുന്നോട്ടു വരുന്നു. പക്ഷേ നിലവിലുള്ള നിയമം വ്യക്തികളുടെ ഉത്തമ താൽപര്യം സംരക്ഷിക്കാൻ പോന്നതാണോ? വ്യക്തികളുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാൻ സാധ്യമാകുന്ന നിയമം വേണമെന്നു കോടതി പറഞ്ഞു. വിവാഹവും വിവാഹ മോചനവും മൂലമുണ്ടാവുന്ന നഷ്ടങ്ങൾക്കു പരിഹാരം നിർദേശിക്കാനും വ്യവസ്ഥ വേണം. മനുഷ്യന്റെ പ്രശ്നങ്ങൾ മനുഷ്യത്വപരമായി കൈകാര്യം ചെയ്യുന്ന നിയമവും സംവിധാനവുമാണു വേണ്ടതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.