Spread the love

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് വിധി. ഹൈക്കോടതിയാണ് ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ബോബി ചെമ്മണ്ണൂറിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതെങ്കിലും ജാമ്യം അനുവദിക്കാമെന്ന് വാക്കാല്‍ പറഞ്ഞു.

പ്രതിയുടെ പരാമര്‍ശനങ്ങളില്‍ ഡബിൾ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. 7 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍, മെറിറ്റിൽ കേസ് വാദിച്ചാൽ അംഗീക്കരിക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഹർജിയിലെ ചില പരാമർശങ്ങൾ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണല്ലോ എന്ന് കോടതി ചോദിച്ചു. 

പ്രതി സ്ഥിരമായി ഇത്തരം പരമാർശങ്ങൾ നടത്തുന്നയാളെന്നും ബോബി ചെമ്മണ്ണൂരിനെതിരായ പൊലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സർക്കാർ സർക്കാർ കോടതിയില്‍ വാദിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് കോടതി പറ‍ഞ്ഞു. വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. ദ്വയാർഥം അല്ലാതെ എന്താണ് ഇതെന്ന് കോടതി ചോദിച്ചു. നടിയുടെ ഡീസൻസി ദൃശ്യത്തിൽ പ്രകടമാണെന്നും കോടതി പറഞ്ഞു. അവർ അപ്പോൾ പ്രതികരിക്കാത്തത് അതുകൊണ്ടാണ്. എന്തിനാണ് ഈ മനുഷ്യൻ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നും കോടതി ചോദിച്ചു. ജാമ്യ ഹർജിയിൽ ഉച്ചയ്ക്ക് 3.30ന് ഉത്തരവ് ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

Leave a Reply