കോഴിക്കോട്∙ കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചു. പാലാട്ട് ഏബ്രഹാമിനെയാണ് (70) കാട്ടുപോത്ത് കുത്തിക്കൊന്നത്. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് ആക്രമണം. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിനു സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് കുത്തിയത്. കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങി. ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കൂരാച്ചുണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്. ഈ സമയം കൊണ്ട് ധാരാളം രക്തം വാർന്നുപോയിരുന്നു. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് അറിയിപ്പ്. അതേസമയം, ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ മൃതദേഹം വിട്ടുകൊടുക്കാതെ മെഡിക്കൽ കോളജിൽ പ്രതിഷേധിക്കുകയാണ് നാട്ടുകാർ.
മൂന്ന് ദിവസമായി കാട്ടുപോത്തുകൾ കക്കയത്തും പരിസരത്തുമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ ചാലിടം അങ്ങാടിയിലും കാട്ടുപോത്തിനെ കണ്ടു. രാവിലെ ഏഴുമണിയോടെ പ്രദേശവാസിയുടെ വീട്ടുമുറ്റത്തും കാട്ടുപോത്ത് എത്തി. കാട്ടുപോത്ത് ഇറങ്ങിയതോടെ കല്ലാനോട് തോണിക്കടവ്, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടു. കാട്ടുപോത്തുകളെ നിരീക്ഷിക്കാൻ വനപാലക സംഘം പട്രോളിങ് നടത്തിയിരുന്നു. കക്കയം വനമേഖലയിൽനിന്ന് പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണു കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിൽ വന്നത്. ഏതാനും ആഴ്ചകൾക്കു മുമ്പ് കക്കയം ഡാം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്കും കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണം അതിരൂക്ഷമായിത്തുടരുകയാണ്. ഇന്നലെ കോതമംഗലത്ത് സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് വന്യമൃഗ ആക്രമണത്തിൽ ഒരാൾ കൂടി മരണപ്പെട്ടത്.