മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്സോ കേസുകളിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
അതിനിടെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തു. വാടകക്ക് താമസിക്കുകയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും കമ്മീഷൻ അന്വേഷിക്കും. പൊലീസിനോട് അടിയന്തിരമായി റിപ്പോർട്ടു നൽകാനും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
ഇന്നലെ രാവിലെയോടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിക്ക് പതിനെട്ട് വയസുമാത്രമാണ് പ്രായം. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലുമായി കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് മരിച്ച പെൺകുട്ടി.
പല തവണ അവള് കൈമുറിച്ചു, ഗുളിക കഴിച്ചു, ആരും വന്നില്ല’, പൊട്ടിക്കരഞ്ഞ് പോക്സോ കേസ് ഇരയുടെ അമ്മ..
തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. തിരികെ വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.