തന്റെ വിവാഹ സങ്കൽപങ്ങളെ കുറിച്ച് പറഞ്ഞ് എയറിലായ സിനിമാ- സീരിയൽ താരമാണ് സ്വാസിക. ഒരു അഭിമുഖ പരിപാടിയിൽ ‘രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം, അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതിരിക്കണം’ തുടങ്ങി നിരവധി കാര്യങ്ങളാണ് അന്ന് സ്വാസിക പറഞ്ഞത്. എന്തായാലും അഭിമുഖം സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും താരം നേരിട്ടിരുന്നു. നടിക്ക് പഴയ കാലത്തുനിന്നും വണ്ടി കിട്ടിയിട്ടില്ലെന്നും ആൺകോയ്മയെ ആരാധിക്കുകയാണെന്നും ആയിരുന്നു നേരിട്ട വിമർശനം.
ആറ് മാസം മുൻപ് ആയിരുന്നു നടൻ പ്രേമുമായി സ്വാസിക വിവാഹിതയായത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇതൊക്കെ കാണുമ്പോൾ വിമര്ശകരിൽ പലരും പണ്ടുപറഞ്ഞ വിവാഹ സങ്കൽപങ്ങൾ ഒക്കെ ഇപ്പഴും ഉണ്ടോ? എന്നരീതിയിൽ കമന്റുകൾ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ സ്വാസിക അന്ന് പറഞ്ഞ കാര്യങ്ങൾ വെറുതെ അല്ലെന്ന് പറയുകയാണ് പ്രേം.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് പ്രേമിനോട് ചോദിച്ചപ്പോഴായിരുന്നു മറുപടി. “സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൻ പിന്നെ ദേഷ്യമാണ്”, എന്ന് പ്രേം പറയുന്നു.