വെണ്മണി ∙ ഭാര്യ ജോലിക്കു പോയ സമയത്തു വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കടന്നു 11 പവൻ സ്വർണവും 5000 രൂപയും കവർന്ന കേസിൽ ഒരു വർഷത്തിനു ശേഷം ഭർത്താവ് പിടിയിൽ. പുന്തലത്താഴം ബിനോയ് ഭവനത്തിൽ ഇടിക്കുള വർഗീസിനെയാണു (ബെഞ്ചമിൻ–54) പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി 15 നാണ് കേസിനാസ്പദമായ മോഷണം നടന്നത്.
2 വർഷമായി പരസ്പരം അകന്നു കഴിയുകയായിരുന്നു ഇടിക്കുളയും ഭാര്യ മിനിയും. സ്വകാര്യാശുപത്രിയിലെ നഴ്സായ മിനി രാത്രി ആശുപത്രിയിലേക്കു ജോലിക്കായി പോയ സമയത്താണ് ഇടിക്കുള മോഷണം നടത്തിയത്. വീടിന്റെ കിടപ്പുമുറിയുടെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്ന് മുറിയിലെ അലമാര കുത്തിത്തുറന്ന് 2 സ്വർണമാലകൾ, ഒരു മോതിരം, 5 വളകൾ എന്നിവ ഉൾപ്പെടെ 11 പവനോളം ആഭരണങ്ങളും അയ്യായിരത്തോളം രൂപയും മോഷ്ടിച്ചു.
നാടുവിട്ട് പോകുന്നതിനാണു മോഷണം നടത്തിയത്. സംഭവത്തിനു ശേഷം തിരുവനന്തപുരം, പന്തളം എന്നിവിടങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു അടുത്ത് ഇയാളെ കണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്നു പൊലീസ് പിടികൂടുകയായിരുന്നു.
വെണ്മണി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ബി.ജെ.ആന്റണി, എ.അരുൺകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജീവ്, റഹീം, അനുരൂപ്, അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാംകുമാർ, ജയരാജ്, ഫ്രാൻസിസ് സേവ്യർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.