
മുക്കം : പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം കടത്തി പകരം മറ്റൊന്ന് എത്തിച്ച സംഭവത്തിൽ പിടികിട്ടാനുള്ള ബഷീറിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് തിരച്ചിൽ ഊർജിതമാക്കി. സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടു. ബഷീറിന്റെ മൊബൈൽ സ്വിച്ച് ഓഫ് ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.പ്രമോദ് പറഞ്ഞു. മലപ്പുറം ജില്ലയിലെ വണ്ടൂർ, നിലമ്പൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണു തിരച്ചിൽ. ബഷീറിന്റെ വീട്ടിലും പരിശോധന നടത്തുന്നു. ഫോൺ സ്വിച്ച് ഓഫ് ആയ സാഹചര്യത്തിൽ ബന്ധുക്കളുടെ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മണ്ണുമാന്തി യന്ത്രവും ബൈക്കും ഇടിച്ചുള്ള അപകടത്തിൽ മാടമ്പി സ്വദേശി സുധീഷ് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇൻഷുറൻസ് രേഖകളില്ലാത്ത മണ്ണുമാന്തി മാറ്റി രേഖകൾ ഉള്ള മറ്റൊരെണ്ണം സ്റ്റേഷനിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലിറങ്ങി. അപകടവുമായി അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് എസ്ഐ ടി.ടി.നൗഷാദിനെ കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് സസ്പെൻഡ് ചെയ്തിരുന്നു. മണ്ണുമാന്തി കടത്തിയതുമായും എസ്ഐക്കു പങ്കുള്ളതായി കണ്ടെത്തി പ്രതി ചേർത്തിരിക്കുകയാണ്.