Spread the love
Vector illustration in HD very easy to make edits.

പുല്ലാട് : ഐരാക്കാവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി പാടത്തു ചവിട്ടിത്താഴ്ത്തിയ കേസിൽ ഒരാഴ്ച മുൻപേ കരുതിവച്ച കത്തിയാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസ്. പുല്ലാട് ഐരാക്കാവ് പാറയ്ക്കൽ പ്രദീപാണ് (41) കൊല്ലപ്പെട്ടത്. പ്രദീപിനെ ആസൂത്രിതമായാണു കൊലപ്പെടുത്തിയതെന്നു സുഹൃത്ത് വരയന്നൂർ കല്ലുങ്കൽ വിനോദ് (മോൻസി–46) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു ഇന്നലെ തെളിവെടുപ്പു നടത്തി.

കൊലപാതകത്തിനുപയോഗിച്ച കത്തിയും കണ്ടെടുത്തു. പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെയാണു തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ നേതൃത്വത്തിൽ പ്രതിയുമായി അന്വേഷണസംഘം തെളിവെടുപ്പിനെത്തിയത്. കൊല്ലപ്പെട്ട പ്രദീപിന്റെ വീട്ടിലേക്കാണ് ആദ്യമെത്തിച്ചത്.

പ്രദീപിന്റെ വീടിനു സമീപത്തെ മുളങ്കാട്ടിൽ ഒരാഴ്ച മുൻപേ കരുതിവച്ചിരുന്ന കത്തിയാണു മോൻസി കൃത്യത്തിന് ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രദീപിന്റെ വീടിനു പിന്നിലെ ആൾത്താമസമില്ലാത്ത പുരയിടത്തിലെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്ത കത്തിയിൽ ചോരപ്പാടുകളുണ്ട്. കുത്തേറ്റു പ്രാണരക്ഷാർഥം ഓടിയ പ്രദീപിനെ മോൻസി പിന്തുടർന്നു പലവട്ടം കുത്തി. വീടിനു മുന്നിലെ ചതുപ്പുനിലത്തു പ്രദീപിന്റെ ശരീരം ചവിട്ടിത്താഴ്ത്തി മരണം ഉറപ്പാക്കിയ ശേഷമാണു മോൻസി മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

തന്റെ കുടുംബജീവിതം തകർത്തതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നു മോൻസി മൊഴി നൽകിയതെന്നു ഡിവൈഎസ്പി പറഞ്ഞു. പ്രദീപിനെ കൊന്നശേഷം ഭാര്യയെയും കൊല്ലാനായിരുന്നു ഉദ്ദേശിച്ചതെന്നും പ്രതി വെളിപ്പെടുത്തി. മദ്യപിച്ചാൽ അപകടകാരിയായി മാറുന്ന മോൻസി ഭാര്യയെയും മറ്റും ഉപദ്രവിക്കുന്നതു പതിവാണെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ചു ഭാര്യയുടെയും പരിസരവാസികളുടെയും പരാതികൾ നിലവിലുണ്ട്. അയൽവാസിയായ സ്ത്രീയെ അപമാനിച്ചതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.

കോയിപ്രം ഇൻസ്പെക്ടർ സജീഷ് കുമാർ, എസ്ഐമാരായ ഉണ്ണിക്കൃഷ്ണൻ, ഷൈജു, സുരേഷ് കുമാർ, എഎസ്ഐ ഷിറാസ്, ബിജു, ജോബിൻ ജോൺ, ബ്ലസൻ, ഷഹബാന, സുജിത്, അരുൺകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply