തിരുവനന്തപുരം ∙ നെയ്യാറ്റിൻകര തിരുപുറം പുത്തൻകട ജോയി ഭവനിൽ രാഖി മോളെ (30) കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ കാമുകൻ കൂടിയായ മുൻ സൈനികനും സഹോദരനും ഉൾപ്പെടെ 3 പേർക്കു ജീവപര്യന്തം. മൂന്നു പ്രതികളും 12 ലക്ഷം രൂപ പിഴയായി ഒടുക്കണം. പിഴത്തുക യുവതിയുടെ കുടുംബത്തിനു കൈമാറണമെന്നു തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻ ജഡ്ജി കെ.വിഷ്ണു വിധിച്ചു.
അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ.നായർ (28), അഖിലിന്റെ സഹോദരൻ രാഹുൽ ആർ. നായർ (31), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാംമുക്ക് ആദർശ് ഭവനിൽ ആദർശ് നായർ (27) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിനു പുറമേ തെളിവു നശിപ്പിച്ചതിന് അഞ്ചു വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മൂന്നു പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2019 ജൂൺ 21 നായിരുന്നു സംഭവം.
സൈന്യത്തിൽ, എസ്എടി (625) ബറ്റാലിയനിൽ ഡ്രൈവറായിരുന്ന അഖിൽ മിസ്ഡ് കോളിലൂടെയാണ് കളമേശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രാഖിയെ പരിചയപ്പെട്ടത്. ലഡാക്കിലായിരുന്നു അഖിൽ ജോലി ചെയ്തിരുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലായി. അഖിൽ വിവാഹ വാഗ്ദാനവും നൽകി. നെയ്യാറ്റിൻകര പുത്തൻകടയിലെ വീട്ടിൽ രാഖി വരുമ്പോഴെല്ലാം അഖിലുമൊത്തു വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതിനിടെ അന്തിയൂർക്കോണം സ്വദേശിനിയായ യുവതിയുമായി അഖിൽ വിവാഹ നിശ്ചയം നടത്തി. ഈ ചടങ്ങിന്റെ ചിത്രങ്ങൾ അഖിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണു രാഖി വിവരം അറിഞ്ഞത്. വിവാഹം മുടക്കുമെന്നു രാഖി പറഞ്ഞതിലുള്ള വിരോധമാണു കൊലയ്ക്കു പിന്നിലെന്നാണു കേസ്.
സംഭവദിവസം രാഖിയെ പൂവാറിലെ വീട്ടിൽ നിന്നു വിളിച്ചു വരുത്തിയ അഖിൽ, അമ്പൂരിയിലുള്ള തന്റെ പുതിയ വീടു കാണിക്കാമെന്നു പറഞ്ഞു കാറിൽ കയറ്റി. വഴിയിൽ കാത്തു നിന്ന രാഹുലും സുഹൃത്ത് ആദർശും കാറിൽ കയറി. അതു വരെ വാഹനം ഓടിച്ച അഖിൽ, ഇടയ്ക്കു വച്ചു പിൻസീറ്റിൽ കയറി.രാഹുൽ വാഹനം ഓടിച്ചു. ആദർശും പിൻസീറ്റിലായിരുന്നു. യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ, മുൻസീറ്റിൽ ഇടതു വശത്തിരുന്ന രാഖിയെ വാഹനത്തിനുള്ളിൽ വച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.
മൂവരും ചേർന്നു മൃതദേഹം അഖിലിന്റെ വീടിനോടു ചേർന്ന റബർ പുരയിടത്തിൽ നേരത്തെ തയാറാക്കിയിട്ടിരുന്ന കുഴിക്കു സമീപം എത്തിച്ചു. രാഖിയുടെ വസ്ത്രങ്ങൾ മാറ്റിയശേഷം കുഴിയിൽ തള്ളി ഉപ്പു വിതറി മണ്ണിട്ടു മൂടി വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. തുടർന്നു പ്രതികൾ ഒളിവിൽ പോയി. മകളെ കാണാനില്ലെന്നു രാഖിയുടെ പിതാവ് രാജൻ പൂവാർ പൊലീസിൽ നൽകിയ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതികളെ അറസ്റ്റ് ചെയ്തതും.