Spread the love

കല്പറ്റ: ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽനിന്നും വായ്പാ തുക ഈടാക്കിയ കല്പറ്റ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധവുമായി വിവിധ യുവജനസംഘടനകൾ. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് ബാങ്കിന് മുൻപിൽ ഉപരോധസമരവുമായി രംഗത്തുള്ളത്.

സമരം കടുപ്പിച്ച സംഘടനകൾ ബാങ്ക് മാനേജരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പിടിച്ച തുക തിരിച്ചുനൽകിയെന്ന് ബാങ്ക് മാനേജർ അറിയിച്ചെങ്കിലും ദുരന്തബാധിതർക്ക് അവ ലഭിച്ചില്ലെന്ന് സംഘടനകൾ ആരോപിച്ചു. സമരം അക്രമാസക്തമാകുകയും പൊലീസ് ഇടപെടുകയും ചെയ്തു. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത സംഘടനകൾ ബാങ്ക് ഉപരോധിക്കുകയാണ്.

അതേസമയം, മുണ്ടക്കൈ ​ദുരന്തബാധിതർക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയിൽ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി പറഞ്ഞു. ജൂലൈ 30 ന് ശേഷം പിടിച്ച വായ്പ തുക തിരിച്ച് നൽകാൻ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഇന്ന് തലസ്ഥാനത്ത് ചേരുന്ന ബാങ്കേഴ്സ് സമിതി യോ​ഗം ഇക്കാര്യത്തിൽ നിർദ്ദേശം നൽകും.

അടിയന്തര ധനസഹായമായി സർക്കാർ നൽകിയ 10000 രൂപയിൽ നിന്നാണ് നിരവധി പേരുടെ വായ്പാ തുക പിടിച്ചത്. ചുരൽമല ഗ്രാമീൺ ബാങ്കിന്റേതായിരുന്നു നടപടി. പുഞ്ചിരിമട്ടം സ്വദേശിയായ മിനിമോൾ കിണർ നിർമ്മിക്കാനായി ആധാരം പണയം വച്ച് 50000 രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ വായ്പാ ഗഡുവായ 3000 രൂപയാണ് ഇവർക്ക് ഓഗസ്റ്റ് 14 ന് ലഭിച്ച ധനസഹായത്തിൽ നിന്ന് ബാങ്ക് പിടിച്ചത്. നിലവിൽ മേപ്പാടി സ്കൂളിലെ ക്യാമ്പിലാണ് മിനിയും ഭർത്താവും കഴിയുന്നത്. ചുരൽമല സ്വദേശിയായ സന്ദീപിന്റെ 2000 രൂപയും പശുക്കളെ വാങ്ങാൻ വായ്പയെടുത്ത രാജേഷിന്റെ പണവും ബാങ്ക് പിടിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടറോട് വിശദീകരണം തേടിയിരുന്നു.

Leave a Reply