പുതിയൊരു സിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്. എന്നാൽ ആ നേട്ടം സ്വന്തമാക്കിയാലോ സിനിമ സൂപ്പർ ഹിറ്റായി മാറും എന്ന കാര്യത്തിൽ തീർച്ചയാണ്. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ സിനിമയാണ് തുടരും. മോഹൻലാൽ- തരുൺ മൂർത്തി കോമ്പോയിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുക മാത്രമല്ല ബോക്സ് ഓഫീസിലും പുത്തൻ റെക്കോർഡുകൾ തീർത്തു. അതും റിലീസ് ചെയ്ത് 20 ദിവസത്തിൽ. നിലവിൽ മികച്ച ബുക്കിംഗ് അടക്കം നേടി തുടരും മുന്നേറുന്നതിനിടെ നടൻ അർജുൻ ദാസ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്
“ലാലേട്ടൻ ബെൻസ് ആയി മാറുന്നത് നേരിൽ എനിക്ക് കാണാനായിരുന്നു. അതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി മാറുകയും ചെയ്തു. അതിന് അവസരമൊരുക്കിയ തരുൺ മൂർത്തിയ്ക്ക് വളരെയധികം നന്ദി”, എന്നാണ് അർജുൻ ദാസ് പറഞ്ഞത്. ഒപ്പം തുടരും ലൊക്കേഷനിൽ തരുൺ മൂർത്തിക്കൊപ്പം ഇരിക്കുന്ന തന്റെ ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ട്. ഇത് തരുൺ മൂർത്തി ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയാക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ തുടരും ലൊക്കേഷനിൽ അർജുൻ ദാസ് എത്തിയിരുന്നു. പിന്നാലെ അർജുൻ ചിത്രത്തിലുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നു. എന്നാൽ, “ടോര്‍പിഡോ സിനിമയുമായി ബന്ധപ്പെട്ടുള്ള മീറ്റിങ്ങിലാണ് അർജുനുമായി പരിചയപ്പെടുന്നത്. അതിന് മുൻപ് തുടരും ചെയ്യാൻ പോകുന്നുവെന്ന് അർജുനെ അറിയിക്കാൻ പോയി. അങ്ങനെ പറഞ്ഞപ്പോൾ അർജുൻ എന്നോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. എനിക്ക് ഒരു ഷോട്ട് തരുൺ ലാലേട്ടനെ ഡയറക്ട് ചെയ്യുന്നത് കാണണം എന്നാണ്. അവന്റെ ആഗ്രത്തിലാണ് തുടരും സെറ്റിൽ എത്തിയത്”, എന്നായിരുന്നു തരുൺ മൂർത്തി മുൻപ് പ്രതികരിച്ചത്. അർജുന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ‘കൊച്ചുങ്ങളേന്തേലും ആഗ്രഹം പറയുവാണേൽ നമ്മളെ കൊണ്ടാകുന്നത് ആണെങ്കില്‍ ചെയ്ത് കൊടുക്കണം’, എന്ന ഡയലോഗ് ഫാൻ പേജുകളുടെ കമന്റ് ബോക്സിൽ വരുന്നുമുണ്ട്.