
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിപ്പിച്ച വൈദ്യുതി നിരക്ക് മേയിൽ നിലവിൽ വരും. ഇതിനു മുന്നോടിയായി നാലു കേന്ദ്രങ്ങളിൽ ഉപയോക്താക്കൾ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം നേരിട്ടു കേൾക്കാൻ റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചു.
ഏപ്രിൽ ഒന്നു മുതൽ നിരക്ക് വർധിപ്പിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഹിയറിങ് പൂർത്തിയാക്കി ഉത്തരവ് ഇറക്കാൻ ഏപ്രിൽ അവസാനമോ മേയ് ആദ്യമോ ആകും. ഉത്തരവ് ഇറങ്ങിയാലേ നിരക്ക് വർധന നിലവിൽ വരൂ. മുൻകാല പ്രാബല്യത്തോടെ വർധന നടപ്പാക്കാൻ നിയമപരമായ തടസ്സങ്ങൾ ഉണ്ട്. റഗുലേറ്ററി കമ്മിഷൻ കോഴിക്കോട്ട് ആണ് ആദ്യ ഹിയറിങ് നടത്തുക. ഈ മാസം 28നു നിശ്ചയിച്ചിരിക്കുന്ന ഹിയറിങ്, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ മാറ്റാൻ സാധ്യതയുണ്ട്. 30നു പാലക്കാട്ടും ഏപ്രിൽ ഒന്നിനു കൊച്ചിയിലും ആറിനു തിരുവനന്തപുരത്തും ഹിയറിങ് നടത്തും.
വൈദ്യുതിയുടെ യൂണിറ്റ് നിരക്കിലും ഫിക്സഡ് ചാർജിലും കാര്യമായ വർധനയാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത 5 വർഷത്തേക്കുള്ള നിരക്ക് വർധനയാണ് കമ്മിഷൻ തീരുമാനിക്കുക. ഉപയോക്താക്കൾക്കും ഉപഭോക്തൃ സംഘടനകൾക്കും തെളിവുകളുടെ പിന്തുണയോടെ തങ്ങളുടെ നിലപാട് കമ്മിഷനെ അറിയിക്കാനുള്ള അവസരമാണ് ഹിയറിങ്. പരമാവധി ആളുകൾ ഇതു പ്രയോജനപ്പെടുത്തിയാൽ മാത്രമേ അമിത വർധന തടയാൻ സാധിക്കൂ. ഹിയറിങ്ങിനുശേഷം ന്യായമായ നിരക്ക് ആയിരിക്കും കമ്മിഷൻ തീരുമാനിക്കുക.
ഹിയറിങ്ങിൽ പങ്കെടുക്കുന്നവർക്ക് അവരുടെ അഭിപ്രായം കമ്മിഷനെ രേഖാമൂലം അറിയിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കാറുണ്ട്. ഇതിനു മറുപടി നൽകാൻ വൈദ്യുതി ബോർഡിനും അവസരം നൽകും. തുടർന്നു വിശദാംശങ്ങൾ വിലയിരുത്തി സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞശേഷമേ നിരക്ക് വർധന പ്രഖ്യാപിക്കാറുള്ളൂ. റഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് ജൂലൈ 17നു വിരമിക്കുന്നതിനാൽ അതിനു മുൻപായി നടപടികളെല്ലാം പൂർത്തിയാക്കണം.