സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഓഫിസുകളിലെ കമ്പ്യൂട്ടര്‍ – ഇന്റര്‍നെറ്റ് ഉപയോഗത്തിലെ നിയന്ത്രണം സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാര്‍ഗനിര്‍ദേശമിറക്കി.
ഇ-ഓഫിസ് സംവിധാനം വ്യാപകമായി നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയതാണ് മാര്‍ഗരേഖ.
ഔദ്യോഗികമായവ ഒഴിച്ചുള്ള അനാവശ്യ ടൂളുകളും ആപ്പുകളും കമ്പ്യൂട്ടറില്‍നിന്ന് ഒഴിവാക്കണം. ലൈസന്‍സുള്ള സോഫ്റ്റ്വെയറുകള് മാത്രമേ ഉപയോഗിക്കാവൂ. സര്‍ക്കാറിതര ക്ലൗഡ് സര്‍വിസ് അപ്ലോഡ് ചെയ്യാന്‍ പാടില്ല. പൈറേറ്റഡ് (അനധികൃത) സോഫ്റ്റ്വെയറുകള് ഉപയോഗിക്കരുത്. പുറത്തുനിന്നുള്ളവരുടെ യു.എസ്.ബി സ്വീകരിക്കേണ്ടതില്ല. സൈബര്‍ സുരക്ഷക്കായി പാസ്വേഡുകള് 45 ദിവസത്തിലൊരിക്കല്‍ മാറ്റണം.
അനധികൃതമായ വിഡിയോ കോണ്‍ഫറന്‍സിങ് ടൂളുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ‘റൂട്ടിങ്ങി’ലൂടെ അനധികൃത സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കാന്‍ പാടില്ല. മൊബൈല്‍ സ്കാനര്‍ സേവനങ്ങള്‍ ഓഫിസ് ആവശ്യത്തിന് ഉപയോഗിക്കരുത്. എനി ഡെസ്ക്, ടീം വ്യൂവര്‍ പോലുള്ള ദൂരസ്ഥലങ്ങളിലിരുന്ന് നിയന്ത്രിക്കാവുന്ന ടൂളുകള്‍ ഒഴിവാക്കുക.
പുറത്തുനിന്നുള്ളവരുടെ യു.എസ്.ബി കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കരുത്. പരിചയമില്ലാത്ത ഐഡികളില്‍നിന്ന് അയച്ചുകിട്ടുന്ന ലിങ്കുകളില്‍ പ്രവേശിക്കരുത്. ഡിസ്കൗണ്ടുകളും ഓഫറുകളും സംബന്ധിച്ച ലിങ്കുകളും ഷെയര്‍ ചെയ്യരുത്.
പാസ്വേഡ് മറ്റുള്ളവര്‍ക്ക് കൈമാറാന്‍ പാടില്ല. ജി.പി.എസ്, ബ്ലൂ ടൂത്ത് എന്നിവ പരമാവധി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. അനാവശ്യമായ ഡൗണ്‍ലോഡുകള്‍ ഉപേക്ഷിക്കുക. ലൈസന്‍സുള്ള ഡൗണ്‍ലോഡ് ആപ്പുകള്‍ ഉപയോഗിക്കുക. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രിന്ററുമായുള്ള ബന്ധം വിച്ഛേദിക്കണം. സിസ്റ്റം ഡ്രൈവില്‍ സ്വന്തം ഫയലുകള്‍ സൂക്ഷിക്കാന്‍ പാടില്ല. ഓഫിസില്‍ നിന്ന് പുറത്തു പോവുമ്പോള്‍ സിസ്റ്റം ലോഗ് ഓഫ് ചെയ്യുകയോ ലോക്ക് ചെയ്യുകയോ വേണം. പ്രതികരണം പെട്ടെന്നുണ്ടായേക്കാവുന്ന സാഹചര്യങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധവേണമെന്നും മാര്‍ഗരേഖയില്‍ ഓര്‍മിപ്പിക്കുന്നു.