27ന് റിലീസ് ചെയ്യുന്ന സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രം എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മോഹൻലാലും പൃഥ്വിരാജും തമിഴ് യൂട്യൂബർ ഇർഫാനുമായി നടത്തിയ അഭിമുഖത്തിന്റെ രസകരമായ ഭാഗങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. അവതാരകന്റെ കുസൃതി നിറഞ്ഞ ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ ഉത്തരം പറയുന്ന ലാലേട്ടന്റെ വീഡിയോ ആണ് ഇപ്പോൾ വ്യാപകമായി വൈറലാകുന്നത്.
എമ്പുരാനിൽ ഷാരൂഖ് ഖാൻ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏവരെയും ചിരിപ്പിക്കുന്ന കിടിലം മറുപടിയാണ് മോഹൻലാൽ നൽകിയത്. “പാവം അദ്ദേഹം ഒരു സീനിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അത് കട്ട് ചെയ്തുകളഞ്ഞു. ഡിലീറ്റഡ് സീനുകളിൽ അത് പുറത്തുവിടുന്നതായിരിക്കും” – എന്നായിരുന്നു മറുപടി. ഇത് കേട്ടതും അവതാരകനും പൃഥ്വിരാജും ഒരുപോലെ പൊട്ടിച്ചിരി ക്കുന്നത് വിഡിയോയിൽ കാണാം.
തമിഴ് നടിമാരെയാണോ നടന്മാരെയാണോ ഇഷ്ടം എന്ന ചോദ്യത്തിന് ‘നടിമാരെയാണ് ഇഷ്ടം’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. ഇതോടെ ‘തലൈവർ വെറെ മാതിരി’യെന്ന് പെട്ടിച്ചിരിച്ചുകൊണ്ട് അവതാരകൻ പറഞ്ഞു
അതേസമയം “എല്ലാവരും നന്നായി അഭിനയിക്കുന്നവരാണ്. കലാകാരന്മാരാണ്, അതിൽ സ്ത്രീ, പുരുഷ വ്യത്യാസങ്ങളില്ല. എല്ലാവരും തന്റെ അടുത്ത സുഹൃത്തുക്കളാണ്. ഒരാളെ മാത്രം അതിൽ നിന്ന് തെരഞ്ഞെടുക്കാനാകില്ലെന്നും” മോഹൻലാൽ വ്യക്തമാക്കി.