മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. എംഎൽഎ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കീഴ്‍വായ്പ്പൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പത്ത് ദിവസം കഴിഞ്ഞിട്ടും തുടങ്ങിയിടത്ത് നിന്ന് മുന്നോട്ട് പോയിട്ടില്ല. കോടതിയിൽ പരാതി നൽകിയ അഭിഭാഷകൻ ബൈജു നോയലിന്റെ മൊഴി മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ പത്ത് ദിവസമായി പൊലീസ് മുഴുവൻ പ്രസംഗത്തിനായി ശ്രമം തുടരുകയാണ്. രണ്ട് മണിക്കൂറും 28 മിനുറ്റും അൻപത്തിയൊൻപത് സെക്കന്റും ദൈർഘ്യമുള്ള പരിപാടിയാണ് ഈ മാസം മൂന്നാം തീയതി മല്ലപ്പളളിയിൽ നടന്നത്ത്. അതുകൊണ്ട് തന്നെ മുഴുവൻ ഭാഗവും പരിശോധിക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്നാണ് പൊലീസ് വിശദീകരണം. ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിന്റെ രണ്ട് മിനിറ്റ് ഭാഗം മാത്രംമാണ് നിലവിൽ പൊലീസിന്റെ കയ്യിലുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫേസ് ബുക്ക് പേജിൽ നിന്ന് പ്രസംഗം വീണ്ടെടുക്കാൻ കഴിയുമെന്നിരിക്കെ പൊലീസ് അതിന് ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.