
മധു വധക്കേസ് പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ് സി – എസ് ടി കോടതിയുടെ വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി പരാമർശം. ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ജഡ്ജിയുടെ പടം വെച്ച് മോശം വാർത്തകൾ വരുമെന്ന് പറഞ്ഞതായും വിധിയിൽ പരാമർശിക്കുന്നു.22 പേജുള്ള ഉത്തരവിൽ 34ാം ഖണ്ഡികയിലാണ് പരാമർശം. കേസിലെ 3,6,8, 10, 12 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ ഗുരുതര വെളിപ്പെടുത്തൽ.പ്രതികൾക്ക് ഹൈക്കോടതിയാണ് ജാമ്യം നൽകിയത് എന്നതിനാൽ ഇത് റദ്ദാക്കിയാൽ ഹൈക്കോടതിയിൽ നിന്നും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടി വരുമെന്നും അഭിഭാഷകൻ പറഞ്ഞതായി വിധിയിൽ പറയുന്നു. ഇതിന് പുറമെ മാധ്യമങ്ങളിൽ ജഡ്ജിയുടെ ചിത്ര സഹിതം മോശം വാർത്തകൾ വരുമെന്ന് പറഞ്ഞതായും വിധിയിൽ വ്യക്തമാക്കുന്നു.
ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ന്യായമായ കാരണമുണ്ടെങ്കിൽ ഹൈക്കോടതി അനാവശ്യമായി ഉപദ്രവിക്കില്ലെന്ന് കരുതുന്നതായും വിധിന്യായത്തിൽ ജഡ്ജി കെ എം രതീഷ് കുമാർ കുറിച്ചു. ആരെയും ഭയക്കാതെയും പ്രതീപ്പെടുത്താതെയുമാണ് ചുമതലകൾ നിർവഹിക്കുന്നത്. അത്കൊണ്ടു പ്രതിഭാഗം അഭിഭാഷകന്റെ ഉത്കണ്ഠ അനാവശ്യമാണെന്ന് കരുതുന്നതായും വിധിയിൽ വ്യക്തമാക്കി.