
സര്‍ക്കാര്‍ പ്രഖ്യാപിച്ച അഭിമാന പദ്ധതി കെ ഫോൺ അനിശ്ചിതത്വത്തിൽ. പണി 83 ശതമാനം പൂര്‍ത്തിയായെന്നും 2022 ജൂണിൽ ഗാര്‍ഹിക കണക്ഷൻ നൽകി തുടങ്ങുമെന്നും മുഖ്യമന്ത്രി പറയുമ്പോഴും നാളിതുവരെ നടപടികൾ പ്രായോഗിക തലത്തിലേക്ക് എത്തിയിട്ടില്ല. 24,357 സര്‍ക്കാര്‍ ഓഫീസിൽ കണക്ഷനെത്തിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ വെറും നാലായിരം ഓഫിസിൽ മാത്രമാണ് നിലവിൽ ഡാറ്റാ എത്തിക്കുന്നത്. അതാകട്ടെ പവര്‍ഗ്രിഡിൽ നിന്ന് കിട്ടുന്ന ഡാറ്റ പരീക്ഷണാടിസ്ഥാനത്തിലും. കേരളമാകെ കേബിൾ വലിച്ചിടുമെന്നും അത് വഴി സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഡാറ്റാ കണക്ഷൻ എത്തിക്കാമെന്നും പശ്ചാത്തല സൗകര്യം സര്‍ക്കാര്‍ നൽകുന്നത് കൊണ്ട് കുറഞ്ഞ ചെലവിൽ ഇന്‍റര്‍നെറ്റ് ജനത്തിന് കിട്ടുമെന്നുമാണ് തുടക്കത്തിൽ പറഞ്ഞത്. പദ്ധതി ചെലവ് 1516.76 കോടി രൂപ , നടത്തിപ്പ് കരാര്‍ ഭാരത് ഇലട്രോണിക്സ് ലിമിറ്റഡിന്‍റെ നേതൃത്വത്തിൽ കൺസോഷ്യത്തിന് , 20 ലക്ഷം ബി പി എൽ കുടുംബങ്ങളിലേക്ക് സൗജന്യ നെറ്റ്, സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും സ്കൂളുകളും കണക്റ്റിവിറ്റി പരിധിയിൽ. കണക്ഷൻ നൽകാൻ കേരളാ വിഷനേയും ഡാറ്റാ വാങ്ങാൻ ബി എസ് എൻ എല്ലിനേയും തെരഞ്ഞെടുത്തെങ്കിലും എത്ര ഡാറ്റ എന്ത് ചെലവിൽ എങ്ങനെ വാങ്ങുമെന്നോ ലാഭകരമായി പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നോ ഉള്ള കാര്യത്തിൽ യാതൊരു വ്യക്തതയും ആയിട്ടില്ല.