കൊച്ചി: അപകടാവസ്ഥയിൽ ആണെന്ന ആശങ്കയിൽ പരിശോധനകള്‍ക്കായി എംസി റോഡിൽ കാലടി ശ്രീശങ്കര പാലം ഇന്ന് അർധ രാത്രി മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും. അറ്റകുറ്റപണികൾക്കുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പാലം അടയ്ക്കുന്നത്. ഇതിന്റെ ഭാഗമായി എംസി റോഡിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തും. ശനിയാഴ്ച വരെയാണ് പാലം പൂർണമായും അടച്ചിടുന്നത്. ആദ്യ മൂന്ന് ദിവസത്തേക്ക് കാൽനട യാത്ര പോലും അനുവദിക്കില്ല. പണികളുടെ പുരോഗതി പരിശോധിച്ച ശേഷമാകും നിയന്ത്രണങ്ങൾ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോൺക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് പഠിക്കാനാണ് നിയന്ത്രണങ്ങൾ.