സ്ക്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയന വർഷത്തേക്ക് സ്ക്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതൽ മുകളിലേക്കുള്ള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്ക്കോളർഷിപ്പ് നൽകുന്നത്. ഓരോ കോഴ്സിനും അതിന്റെ അടിസ്ഥാന യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം.
8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ യഥാക്രമം 7,8,9 എന്നീ ക്ലാസുകൾ വിജയിച്ചിരിക്കണം. വൊക്കേഷണൽ ഹയർ സെക്കന്ററി, പ്ലസ് ടു, ഐ ടി ഐ, ഐ ടി സി, എൻജിനീയറിങ് ഡിപ്ലോമ, ജെ ഡി സി, ടി ടി സി തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർ എസ് എസ് എൽ സി പരീക്ഷ വിജയിച്ചിരിക്കണം. ഡിഗ്രി, നഴ്സിംഗ്, ഡിഫാം, ബി ഫാം തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്നവർ ഹയർ സെക്കന്ററി വിജയിച്ചിരിക്കണം. പോസ്റ്റ് ഗ്രാജുവേഷൻ, ത്രിവത്സര എൽ എൽ ബി, ബി എഡ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർ ഡിഗ്രി പരീക്ഷ വിജയിച്ചിരിക്കണം.
തൊഴിലാളികളുടെ മക്കളിൽ 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഗ്രേഡ് /മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രത്യേക സമ്മാനങ്ങൾ നൽകും.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം യോഗ്യത പരീക്ഷയുടെ മാർക്ക്ലിസ്റ്റ് /സർട്ടിഫിക്കറ്റ്, ഹെഡ് മാസ്റ്റർ /പ്രിൻസിപ്പൽ /ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പും 2021-22 അധ്യയന വർഷം ഏത് ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതിന് പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയിൽ നിന്നും ലഭിക്കുന്ന കോഴ്സ് സർട്ടിഫിക്കറ്റും മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അവർ പഠിക്കുന്ന സ്ഥാപനം ഗവ. അംഗീകാരമുള്ളതാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കണം.
അപേക്ഷാഫോറത്തിന്റെ
മാതൃകയും വിശദവിവരങ്ങളും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0487 2364900