തൃശൂർ: കേരളത്തിൽ കൊതുക് പരത്തുന്ന രോഗങ്ങൾ വ്യാപിക്കുകയാണ്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം വർധിക്കുന്നതിനിടെ കൊതുകിനെ കൊല്ലാൻ മത്സരം സംഘടിപ്പിച്ച് പഞ്ചായത്ത്. കൊതുകിന്റെ ഉറവിടം കണ്ടെത്തി കൊല്ലാൻ ആണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തൃശൂരിലെ വേളൂക്കര പഞ്ചായത്താണ് മത്സരത്തിന് പിന്നിൽ. സംസ്ഥാനത്തുടനീളം നടത്തുന്ന ഡ്രൈഡേ ആചരണം ഉപയോഗപ്രദമാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കണം, ഇതാണ് ടാസ്ക്. കൂടുതൽ ഉറവിടം നശിപ്പിക്കുന്ന സംഘത്തിന് പഞ്ചായത്ത് സമ്മാനം നൽകും. ആരോഗ്യപ്രവർത്തകർ കൂടി പങ്കാളികളായാണ് നാട്ടിലുള്ള ആളുകളെ ഉൾപ്പെടുത്തി യജ്ഞം ആരംഭിച്ചിരിക്കുന്നത്. ക്യാഷ് അവാർഡ് അടക്കം സമ്മാനമായി ലഭിക്കും. ഇതുവരെ നാല് വാർഡുകളിൽ മത്സരം നടന്നുകഴിഞ്ഞു. ബാക്കി മത്സരം വാർഡുകൾ തമ്മിലായിരിക്കും.
മത്സരത്തിന്റെ പേര് തന്നെ രസകരമാണ്, ‘സ്പോമൊസ്‌ക്വിറ്റ്’. സ്പോർട്സ് ഇൻ മൊസ്‌ക്വിറ്റോ കൺട്രോൾ എന്നാണ് പൂർണരൂപം. മത്സരത്തിന് സ്പോൺസർമാരുണ്ട്. അതുവഴിയാകും സമ്മാനവിതരണം. മത്സരത്തിന് നിബന്ധനകളുമുണ്ട്. സംഘത്തിൽ രണ്ട് അല്ലെങ്കിൽ മൂന്ന് പേർ ഉണ്ടാകണം. ചുരുങ്ങിയത് 25 വീടുകളിലെങ്കിലും കയറണം. ചെല്ലുന്ന വീടുകളിലെല്ലാം കൊതുകു നിവാരണത്തിന്റെ ആവശ്യകതയും സന്ദേശവും പരിചയപ്പെടുത്തണം. അവരെ ബോധവത്കരിച്ച് ഒപ്പ് വാങ്ങണം. ഹെൽത്ത് ഇൻസ്പെക്ടർ സി പ്രസാദ് അംഗമായ ‘സ്പോർട്സ് ഫോർ സോഷ്യൽ ചെയ്ഞ്ച്’ എന്ന സംഘടനയുടേതാണ് കൊതുകിനെ കൊല്ലാനുള്ള മത്സരത്തിന്റെ ആശയം.
കഴിഞ്ഞ ദിവസം വീട്ടിൽ കൊതുകിന്റെ കൂത്താടി വളരുന്നത് തടയാത്തതിൽ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചിരുന്നു. മൂരിയാട് പുല്ലൂർ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പി ജോബി ഫയൽ ചെയ്ത കേസിലാണ് നടപടി. 2000 രൂപയാണ് കോടതി പിഴ വിധിച്ചത്. ഈ പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായി പടർന്നുപിടിക്കുന്നതോടെ കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കാത്തതോടെയാണ് ഹെൽത്ത് സൂപ്പർവൈസർ കേസെടുത്തത്.