
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാത അഥോറിറ്റി കേരളത്തില്‍ നിര്‍മ്മിക്കുന്ന 6 റോഡ് പദ്ധതികളുടെ കരടു വിജ്ഞാപനം പുറത്തിറക്കി. പദ്ധതി കടന്നുപോകാനിടയുള്ള പ്രദേശങ്ങള്‍ ഏതൊക്കെയെന്ന ഏകദേശ രൂപം നല്‍കുന്നതാണ് ഈ വിജ്ഞാപനം. അലൈന്മെന്റ് അന്തിമമാക്കുമ്പോള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും നടക്കും. തുടര്‍ന്ന് അലൈന്മെന്റ് അന്തിമമാക്കി 3 എ വിജ്ഞാപനവും സ്ഥലമുടമകളുടെ പേരുകള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചു 3 ഡി വിജ്ഞാപനവുമിറങ്ങും.
തിരുവനന്തപുരം അങ്കമാലി, പാലക്കാട് കോഴിക്കോട്, കൊച്ചിമൂന്നാര്‍തേനി, കൊല്ലംചെങ്കോട്ട, വാളയാര്‍ വടക്കാഞ്ചേരി (ആറു വരിയാക്കല്‍), മലപ്പുറം-മൈസൂരു, തൃശൂര്‍ഇടപ്പള്ളി (ആറു വരിയാക്കല്‍) എന്നീ 7 റോഡ് പദ്ധതികള്‍ 2022-23 വര്‍ഷം ടെന്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവയാണ്. ഇതില്‍ മൈസൂരുമലപ്പുറം ഒഴികെയുള്ളവയുടെ പ്രാരംഭ കരട് വിജ്ഞാപനമാണു പുറത്തിറങ്ങിയത്.
സ്ഥലമേറ്റെടുക്കലിന്റെ 25 % തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന തരത്തിലാണു ഭാരത് മാല പദ്ധതി . ഇതില്‍ ആദ്യ 3 പദ്ധതികളുടെ സ്ഥലമേറ്റെടുക്കലിന് 25 % തുക നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാരും ദേശീയപാത അഥോറിറ്റിയും കിഫ്ബിയുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. മറ്റു റോഡുകളുടെ വിഹിതം നല്‍കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.
86,000 കോടി രൂപയുടെ പദ്ധതികളാണു ‘ഭാരത് മാലാ’യില്‍ സംസ്ഥാനത്തു നടപ്പാക്കുന്നത്. സംസ്ഥാനത്തെ തുറമുഖങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 11 കണക്ഷന്‍ റോഡ് പദ്ധതികളും ഇക്കൂട്ടത്തില്‍ വരും. അഴീക്കല്‍, ബേപ്പൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം തുറമുഖങ്ങളെയാണു ദേശീയപാതയുമായി ബന്ധിപ്പിക്കുന്നത്.