പിണറായിയെ ചവിട്ടിയിട്ടെന്ന് പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയ്ക്കു പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ
തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് അതേപടി മറുപടിയില്ലെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. പിആര്‍ ഏജന്‍സിയുടെ പിടിയില്‍ നിന്ന് പുറത്തുവന്ന വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ് കണ്ടത്. അതേപടി തിരിച്ചു മറുപടി പറയാനില്ല. പിണറായിയെ ചവിട്ടിയിട്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇത്രയും സംസ്കാരഹീനമായ പ്രതികരണം ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇതാദ്യമായിട്ടാണ്. പിണറായിയുടെ നിലവാരത്തിലേക്ക് താഴാൻ കഴിയില്ല.
ഒരു സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ എഴുതിവായിക്കണോ ? പിണറായിയുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവാണ്. അങ്ങനെയുണ്ടെങ്കിൽ ആദ്യം പറയേണ്ടത് പൊലീസിനോടാണ്. എന്തുകൊണ്ട് പൊലീസിനോട് അന്നേ പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഡോളര്‍ കടത്ത് നടന്നതെന്ന് ജനങ്ങള്‍ക്കറിയാം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞയാളാണ് പിണറായി. എങ്ങനെ ഇത് പറയാൻ സാധിച്ചു. കള്ളവാര്‍ത്ത പ്രചരിപ്പിക്കാന്‍ അപാര തൊലിക്കട്ടി വേണം. പിണറായി വെടിയുണ്ട കൊണ്ടുനടന്നത് പുഴുങ്ങിത്തിന്നാനാണോ? തോക്കുള്ള പിണറായിയാണോ മാഫിയ, തോക്കില്ലാത്ത ഞാനാണോ മാഫിയ?.
നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കണം. ചീഞ്ഞളിഞ്ഞ, വിദ്വേഷമുള്ള മനസല്ല, തുറന്ന മനസാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. തന്നെ അര്‍ധനഗ്നനാക്കി ഓടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞതും നുണയെന്ന് സുധാകരന്‍.