കന്നഡ നടി ശോഭിത ശിവണ്ണയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം ശോഭിത ശിവണ്ണയുടെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. ശോഭിത അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് നവംബർ 16-നാണ് ചെയ്തിരിക്കുന്നത്. നിർവാണ സ്റ്റുഡിയോയിൽ സംഗീതം ആസ്വദിക്കുന്നതിന്‍റെ വീഡിയോയായിരുന്നു അത്.
സ്റ്റുഡിയോയിൽ ഒരു ഗായകന്‍ ഗിറ്റാർ വായിച്ച് ഒരു ഹിന്ദി ഗാനമാണ് ആലപിക്കുന്നത്. സംഗീതവും ഗിറ്റാർ ഇമോജികളും ചേർക്കാണ് ശോഭിത ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ആത്മഹത്യ ചെയ്ത വാര്‍ത്തയില്‍ അവിശ്വാസം തുടരുന്ന ആരാധകർ തങ്ങളുടെ സങ്കടവും ഞെട്ടലും കമന്‍റുകളായി ഈ പോസ്റ്റിന് അടിയില്‍ ഇടുന്നുണ്ട്.
അമിതാഭ് ബച്ചൻ അഭിനയിച്ച ‘ഷറാബി’ എന്ന ചിത്രത്തിലെ ‘ഹോ ഗയി ഇന്തസാര്‍ കി…’ എന്ന ഗാനമാണ് വീഡിയോയില്‍ ഗായകന്‍ ആലപിക്കുന്നത്. പലരും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് ഈ പോസ്റ്റിന് താഴെയാണ്. പലരും നടിയെടുത്തത് തെറ്റായ തീരുമാനമായി പോയെന്നും പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ എന്നും പോസ്റ്റുകള്‍ ഇടുന്നയാളായിരുന്നില്ല ശോഭിത ശിവണ്ണ എന്നാണ് അവരുടെ അക്കൗണ്ട് നല്‍കുന്ന സൂചന.