നടി താരാ കല്യാണിലെ മകൾ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയായ ആളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക് കാലമുതൽ മലയാളികളുടെ സോഷ്യൽ മീഡിയ സ്ക്രീനുകളിൽ സൗഭാഗ്യ നിറഞ്ഞുനിൽപ്പുണ്ട്. ഇപ്പോഴാകട്ടെ ഭർത്താവും നടനുമായ അർജുൻ സോമശേഖരനും മകളുമടങ്ങുന്ന കുടുംബത്തിന്റെ കുഞ്ഞുകുഞ്ഞ് വിശേഷങ്ങളടക്കം സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തങ്ങളുടെ വീഡിയോക്ക് താഴെ വരുന്ന ശരീരത്തെക്കുറിച്ചും മറ്റുമുള്ള മോശം കമന്റുകൾ കാണുമ്പോൾ ദേഷ്യം വരാറുണ്ടെന്നും എന്നാൽ ഇത് സോഷ്യൽ മീഡിയ ആണെന്നും ഇവിടെ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നും പറയുകയാണ് സൗഭാഗ്യ. അതേസമയം തന്റെ ഭാര്യയെപ്പറ്റി മോശം കമന്റിടുന്നവരോട് അതേ രീതിയിൽ തിരിച്ചും മറുപടി പറയുന്ന ആളല്ല താനെന്നും എന്നാൽ നേരിട്ട് കണ്ടാൽ ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ മടിക്കില്ലെന്നും അർജുൻ പറയുന്നു.
‘ശരീത്തെ മോശമായി വർണിച്ചുള്ള കമന്റുകളും മറ്റും കാണുമ്പോൾ ചില സമയത്ത് ദേഷ്യം വരും. പക്ഷെ ഇത് സോഷ്യൽ മീഡിയയാണ്. നമുക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല. എത്രയെന്ന് പറഞ്ഞാണ് കേസ് കൊടുക്കുന്നത്. കേസ് കൊടുത്താലും കാര്യമില്ല. പല വീഡിയോകളുടെയും ഔട്ട് എങ്ങനെയാണ് വരികയെന്ന് നമുക്ക് അറിയില്ല. ചിലത് വൾഗറായി കാണിച്ചാണ് പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ മീഡിയയെ കാണുമ്പോൾ അറിയാതെ കോൺഷ്യസാകും. എങ്കിലും ബോഡി ഷെയ്മിങ്ങ് തെറ്റാണെന്ന് ഇന്നത്തെ കാലത്ത് ചിലരെങ്കിലും മനസിലാക്കുന്നതിൽ സന്തോഷമുണ്ട്’ സൗഭാഗ്യ പറയുന്നു.
തന്റെ ഭാര്യയെപ്പറ്റി ഇത്തരത്തിലുള്ള കമന്റുകൾ പറയുന്നവനോട് അതേ ഭാഷയിൽ തിരിച്ച് പ്രതികരിക്കാനുള്ള മനസ് തനിക്കില്ലെന്നും അത്തരക്കാരെ നേരിട്ട് കണ്ടാൽ മുഖം നോക്കി അടിക്കുകയായിരിക്കും ആദ്യം ചെയ്യുന്നത് എന്നുമായിരുന്നു അർജുന്റെ പ്രതികരണം.