ഇതിഹാസമായ ദക്ഷിണാഫ്രിക്കൻ അമ്പയറും അന്താരാഷ്ട്ര അംപയറുമായിരുന്ന റൂഡി കേര്‍സ്റ്റന്‍ കാറപകടത്തില്‍ മരിച്ചു. കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 73കാരനായ അദ്ദേഹം അപകടത്തില്‍ പെടുന്നത്. അദ്ദേഹത്തൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചു.
100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ അപൂര്‍വം ചില അംപയര്‍മാരില്‍ ഒരാളാണ് കേര്‍സ്റ്റണ്‍. 108 ടെസ്റ്റുകള്‍ക്കൊപ്പം 209 ഏകദിനങ്ങളും അദ്ദേഹം നിയന്ത്രിച്ചു. 14 ടി20 മത്സരങ്ങളിലും അദ്ദേഹം അംപയറായി. അടുത്തകാലം വരെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ നിയന്ത്രിച്ച അംപയറും കേര്‍സ്റ്റണായിരുന്നു. 1981ലാണ് കേര്‍സ്റ്റണ്‍ അംപയറിംഗ് കരിയര്‍ ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ റയില്‍വെ ജീവനക്കാരനായിരുന്നു അദ്ദേഹം. 2010ല്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു.