ലോക ചിരി ദിനത്തിൽ ചിരി ചിത്രവുമായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ ആരോഗ്യനില മോശം എന്ന നിലയിൽ വാർത്തകൾ അടുത്തിടെ വന്നത് ആരാധകരെ ആശങ്കയിലാഴ്ത്തിയപ്പോഴാണ് നറുചിരിയുമായി മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ പേഴ്സണൽ മാനേജർ എസ്. ജോർജ് ആണ് ചിത്രം പങ്കുവച്ചത്. ശരൺ ബ്ലാക് സ്റ്റാർ പകർത്തിയതാണ് ചിത്രം. ഫോട്ടോയ്ക്ക് താഴെ കമന്റുകളിൽ സ്നേഹം വാരി വിതറുകയാണ് ആരാധകർ. ഏറെ നാളായി കാത്തിരുന്ന ചിരിയാണ് ഇതെന്നും ഏറെ സന്തോഷമായെന്നും പറയുന്നവർ ഏറെയാണ്. കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനായ ബസൂക്കയിലെ പുതിയ പോസ്റ്റർ പുറത്തു വന്നിരുന്നു.
ഏപ്രിൽ 10 ന് ബസൂക്ക റിലീസ് ചെയ്യും. നവാഗതനായ ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന കളംകാവൽ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ തുടർ ചിത്രീകരണം ഈ മാസം അവസാനം കൊച്ചിയിൽ ആരംഭിക്കും