
വളാഞ്ചേരി: വട്ടപ്പാറ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും സിമന്റുമായി പോകുകയായിരുന്ന ലോറി വളവിൽ നിയന്ത്രണം വിട്ട് സുരക്ഷ ഭിത്തിയില്‍ ഇടിച്ചു മറിയുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ ശിവബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പ്രദേശവാസികളും യാത്രക്കാരും ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചില്ലെങ്കിലും ഡ്രൈവറെ പുറത്തെടുക്കാൻ സാധിച്ചില്ല. തുടർന്ന് വളാഞ്ചേരി പോലീസിലും തിരൂർ അഗ്നിരക്ഷസേന ഓഫീസിലും വിവരം അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ ഡ്രൈവർ ശിവബാലനെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വളാഞ്ചേരി പോലീസ്, ഹൈവേ പോലീസ്, തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും ദേശീയപാത നിര്‍മ്മാണ കമ്പനി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.