കോവിഡ് -19 വാക്‌സിന്റെ കുറഞ്ഞ ഡോസ് ആറ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ ഫലപ്രദമെന്നും ഈ വാക്സിൻ ഡോസ് കുട്ടികളിൽ സുരക്ഷിതമാണെന്നും വാക്സിൻ നിർമാതാക്കളായ മോഡേണ അവകാശപ്പെട്ടു.
ആറ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരു മാസത്തെ ഇടവേളയിൽ രണ്ട് ഷോട്ടുകൾ ഗവേഷകർ പരീക്ഷിച്ചു. ഓരോന്നിലും മുതിർന്നവർക്ക് നൽകിയ ഡോസിന്റെ പകുതി വാക്സിൻ അടങ്ങിയിരിക്കുന്നു. പഠനത്തിൽ ആറ് മുതൽ 11 വയസ്സുവരെയുള്ള 4,753 കുട്ടികൾ പങ്കാളികളായി. ഷോട്ടുകൾക്ക് ശേഷം വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ കുട്ടികളിൽ വികസിപ്പിച്ചതായി മോഡേണ പറഞ്ഞു. മുതിർന്നവരെപ്പോലെ, വാക്സിനേഷൻ എടുത്ത കുട്ടികൾക്ക ക്ഷീണം, തലവേദന, പനി, കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ വേദന എന്നിവ ഉൾപ്പെടെയുള്ള താൽക്കാലിക പാർശ്വഫലങ്ങൾ ഉണ്ടെന്ന് മോഡേണ പറഞ്ഞു.
മൊഡേണയുടെ എതിരാളികളായ ഫൈസറിന്റെ കുട്ടികൾക്കായുള്ള വാക്സിൻ ഡോസുകൾ വ്യാപകമായ ഉപയോഗത്തിനുള്ള ഘട്ടത്തിലേക്ക് ആണ്. യുഎസിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ)ആ വാക്സിനിന്റെ ഗുണനിലവാര പരിശോധനകൾ തുടരുകയാണ്. 12 വയസ്സിന് മുകളിലുള്ളവരിലെ ഉപയോഗത്തിന് യുഎസിൽ ഈ വാക്സിന് അനുമതിയും ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രായക്കാർക്കുള്ള വാക്സിൻ നൽകാൻ മോഡേണയ്ക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.