
പ്രായമായ മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്ക് അവരുടെ സ്വത്തില്‍ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി.പ്രായമായ മാതാപിതാക്കള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മക്കളുടെ കടമയാണെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. അതില്‍ വീഴ്ചവരുത്തുന്ന മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വത്തിന്മേല്‍ അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വിധിച്ചു.
തിരുപ്പൂര്‍ സ്വദേശി ഷക്കീരാബീഗം മകൻ മുഹമ്മദ് ദയാനു നല്‍കിയ വസ്തു തിരിച്ചെടുത്ത സബ് രജിസ്ട്രാറുടെ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യന്റെ വിധി. മക്കള്‍ സംരക്ഷിച്ചില്ലെങ്കില്‍ വസ്തു തിരിച്ചെടുക്കുമെന്ന വ്യവസ്ഥ ആധാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍പ്പോലും അത് തിരിച്ചെടുക്കാൻ മാതാപിതാക്കള്‍ക്ക് അധികാരമുണ്ടാവുമെന്ന് കോടതി വ്യക്തമാക്കി.
2020 ഒക്ടോബറിലാണ് ഷക്കീരാബീഗം തന്റെ പേരിലുള്ള വസ്തു മകന് എഴുതിക്കൊടുത്തത്. എന്നാല്‍, സ്വത്തു കിട്ടിയതോടെ മകൻ അവഗണിക്കാൻതുടങ്ങി. ഇതേത്തുടര്‍ന്ന് വസ്തു തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് ജില്ലാഭരണകൂടത്തിന് പരാതി നല്‍കി. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സബ് രജിസ്ട്രാര്‍ വസ്തുക്കൈമാറ്റം റദ്ദാക്കി. ഇതിനെ ചോദ്യംചെയ്ത് മുഹമ്മദ് ദയാൻ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സബ് രജിസ്ട്രാറുടെ നടപടി ശരിവെച്ചത്.
മാതാപിതാക്കള്‍ക്ക് ഭക്ഷണവും കിടക്കാനുള്ള ഇടവും നല്‍കുന്നതോടെ മക്കളുടെ കടമ അവസാനിക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അവര്‍ അന്തസ്സോടെ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മുതിര്‍ന്ന പൗരന്മാര്‍ അന്തസ്സുള്ള ജീവിതംനയിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാഭരണകൂടത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.