ഡാം സുരക്ഷാ ബില്ല് രാജ്യസഭ പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം, ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിലാക്കുന്ന ബില്ലിനാണ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം. നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വ്വഹിക്കും. മുല്ലപ്പെരിയാറിൽ ഒരു വൈദ്യുതി കണക്ഷൻ വേണമെങ്കിൽ പോലും സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിന് മാറ്റം വരണ്ടേ എന് കേരളത്തിന്‍റെയും തമിഴ് നാടിന്‍റേയും എതിര്‍പ്പിന് കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് മറുപടി പറഞ്ഞു. പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയിൽ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്‍റെ പരിധിയിൽ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകൾ ഉൾപ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകൾ ഇനി കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലാകും.