അബുദാബി: വധശിക്ഷയിൽ നിന്ന് മോചിതനായ തൃശ്ശൂർ പുത്തൻച്ചിറ ചെരവട്ട സ്വദേശി ബേക്സ് കൃഷ്ണന് നാട്ടിലേക്കു വരാനുള്ള ഔട്ട്പാസ് ലഭിച്ചു.

അബുദാബിയിൽ വാഹനാപകടത്തെ തുടർന്ന് കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സനെ വധശിക്ഷയിൽ നിന്ന് മോചനം നേടാൻ സഹായിച്ചത് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലിയുടെ ഇടപെടലായിരുന്നു. 2012 സെപ്റ്റംബർ 7ന് ജോലി സംബന്ധമായി മുസഫയിലേക്ക് പോവുകയായിരുന്ന ബേക്സൻ ഓടിച്ച കാറിടിച്ച് നുഡാൻ പൗരനായ കുട്ടി മരണപ്പെട്ട കേസിലായിരുന്നു മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷം യുഎഇ സുപ്രീംകോടതി 2013 ൽ ബേക്സനെ വധശിക്ഷയ്ക്ക് വിധിച്ചത്. തകർന്നു പോയ കുടുംബം ബന്ധു ടി.സി സേതുമാധവൻ നേതൃത്വത്തിൽ യൂസഫലിയുമായി ബന്ധപ്പെടുകയും മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചയുടെയും, നഷ്ടപരിഹാരമായി 5 ലക്ഷം ദിർഹം( ഒരു കോടി) നൽകിയതിന്റെയും അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദാക്കിയതായി കോടതി ഉത്തരവിടുകയായിരുന്നു. ബേക്സന്റെ യാത്രാരേഖകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ബേക്സനുമായി ബന്ധപ്പെട്ടിരുന്നു.മറ്റു നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പെട്ടെന്ന് തന്നെ ബേക്സന് നാട്ടിലേക്ക് തിരിക്കാനാകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നന്ദകുമാർ വ്യക്തമാക്കി.