
കുറ്റിപ്പുറം : കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ അറസ്റ്റിൽ. എറണാകുളം–കോഴിക്കോട് ബസിലെ യാത്രക്കാരനായിരുന്ന അങ്കമാലി സ്വദേശി ഇ.കെ.റജി (51) ആണ് അറസ്റ്റിലായത്. കാലിക്കറ്റ് സർവകലാശാലയിലെ സെക്‌ഷൻ ഓഫിസറാണ് റജി.
അതിക്രമത്തിനുശേഷം ബസിൽ നിന്ന് ഇറങ്ങിയോടിയ ഇയാളെ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് പിടികൂടിയത്. ഇന്നലെ രാവിലെ ഒൻപതരയോടെ കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് സംഭവം. കടവല്ലൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് യാത്രചെയ്ത സ്ത്രീക്കാണ് ഇയാളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായത്. സ്ത്രീ സ്റ്റാൻഡിൽ ഇറങ്ങുന്നതിനിടെയാണ് ഇയാൾ ഉപദ്രവിച്ചത്. യാത്രക്കാരി ബഹളംവച്ചതോടെ ബസിൽ നിന്ന് ഇറങ്ങിയോടിയ റജിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.