Spread the love
വാക്സിനെടുക്കാൻ വിസമ്മതമറിയിച്ച അദ്ധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

കൊവിഡ് വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ. വാക്സിനെടുക്കാൻ വിസമ്മതമറിയിച്ച അദ്ധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. പരിശോധനയിൽ ആരോഗ്യ പ്രശ്‍നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കാനാണ് നീക്കം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം തത്കാലം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരൊഴികെ എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം

അയ്യായിരത്തോളം അദ്ധ്യാപകരാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. അലർജി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാത്തവരാണോ അതോ വിശ്വാസപ്രശ്നം കൊണ്ട് മാറി നിൽക്കുന്നവരാണോ എന്നാണ് പരിശോധിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ ഒരു കൂട്ടം അദ്ധ്യാപകർ മാറിനിൽക്കുന്നുവെന്ന് വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്.

വാക്‌സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചു ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.വാക്‌സിന്‍ എടുക്കാത്ത അദ്ധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണു സമൂഹത്തിനു നല്‍കുന്നതെന്നാണു ദുരന്ത നിവാരണ അതോറിട്ടിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. പുതിയ കൊവിഡ് വകഭേദം ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

Leave a Reply