ശബരിമല വിമാനത്താവളത്തിന് അനുമതി. കേന്ദ്രവ്യോമയാന മന്ത്രാലയമാണ് അനുമതി നൽകിയത്. ‘സൈറ്റ് ക്ലിയറൻസ്’ അനുമതിയാണ് ലഭിച്ചത്. ഏപ്രിൽ 3 ന് ചേർന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാർശക്ക് വ്യോമയാന മന്ത്രി ഏപ്രിൽ 13 ന് അംഗീകാരം നൽകി. ഇക്കാര്യം സംസ്ഥാന സർക്കാരിനെ രേഖമൂലം അറിയിച്ചു.
ശബരിമല വിമാനത്താവളം നിർമ്മിക്കാൻ പ്രാഥമിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുകയും സമയ നഷ്ടം ഒഴിവാക്കുകയുമാണ് ശബരിമല വിമാനത്താവളംകൊണ്ട് ലക്ഷ്യമാക്കുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജല, വ്യോമ ഗതാഗത മേഖലകളില്‍ ഒരുപോലെ ഇടപെട്ട് കേരളത്തിന്റെ ഗതാഗത വികസനത്തിന് ആക്കംകൂട്ടാനാണ് സര്‍ക്കാര്‍ ശ്രമം.
നിലവില്‍ കേരളത്തിലെ റോഡുകളിലൂടെ യാത്രചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്. ഈ പരിമിതി മറികടക്കാന്‍ റോഡ് വികസനത്തിലൂടെ സാധിക്കും. തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും പണം കണ്ടെത്തിക്കഴിഞ്ഞു. കോവളം മുതല്‍ കാസർകോട് ബേക്കല്‍ വരെ ജലപാത അതിവേഗത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.