ന്യൂഡൽഹി : റോഡപകടങ്ങളിൽ 3 മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കാൻ ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം (വെബ്സൈറ്റും ആപ്പും) തയാറാക്കുന്നു.
അപകടത്തിനിരയായവർ, പൊലീസ്, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്കെല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഓൺലൈൻ സംവിധാനം രാജ്യത്തെ അപകട നഷ്ടപരിഹാരക്കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഏകസ്വഭാവമുണ്ടാക്കാനും ലക്ഷ്യമിടുന്നു. എല്ലാ ഇൻഷുറൻസ് കമ്പനികളും കേന്ദ്രസർക്കാരിനെ സന്നദ്ധത അറിയിച്ചു.
പുതിയ പ്ലാറ്റ്ഫോമിൽ ക്ലെയിം റജിസ്റ്റർ ചെയ്താൽ ട്രാഫിക് പൊലീസ് അപകടം സംബന്ധിച്ച രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഇൻഷുറൻസ് കമ്പനികൾ പെട്ടെന്നു തന്നെ നഷ്ടപരിഹാരം സംബന്ധിച്ചു തീരുമാനമെടുക്കുകയും ചെയ്യും. വാഹനാപകടക്കേസുകളിൽ ക്ലെയിമുകൾക്കുള്ള അപേക്ഷകൾ തീർപ്പാക്കാൻ വർഷങ്ങളെടുക്കുന്നതിൽ കഴിഞ്ഞദിവസം സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
റോഡപകടങ്ങളിൽ നഷ്ടപരിഹാരത്തുക ഉയർത്താൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ വർഷം ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച ചട്ടങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്നു മന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചതിനു പിന്നാലെയാണ് പുതിയ നടപടി.