റിലീസ് ചെയ്ത് 24 വർഷങ്ങൾക്ക് ശേഷം നടത്തിയ രണ്ടാം വരവിൽ ഒരു സിനിമ തരംഗമായി മാറുന്നു. സിനിമ ചരിത്രത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒന്നായിരുന്നു മലയാള ചിത്രം ദേവദൂതന്റെ വിജയം.
മോഹൻലാൽ നായകനായി സിബി മലയിലിന്റെ സംവിധാനത്തിൽ 2000ൽ ചിത്രം പുറത്തിറങ്ങിയപ്പോൾ വലിയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ 4k ദൃശ്യ മികവോടെ റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തത് ഹൃദയം കൊണ്ടായിരുന്നു, പ്രത്യേകിച്ച് യുവതലമുറ.ഇപ്പോഴിതാ ഭാഷ അതിർത്തികൾ കടന്ന് ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ് എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്തകൾ.
അയര്‍ലാന്റും ഓസ്‍ട്രിയയുമൊക്ക നിലവില്‍ മലയാള സിനിമകള്‍ക്ക് വലിയ സ്വീകാര്യതകള്‍ ലഭിക്കുന്ന രാജ്യമാണ്. ദേവദൂതനും അവിടേയ്‍ക്ക് എത്തുകയാണ്. . ഓഗസ്‍റ്റ് ഒമ്പതിനാണ് മോഹൻലാല്‍ നായകനായ ചിത്രം ദേവദൂതൻ അയര്‍ലാന്റിലും ഓസ്‍ട്രിയയിലും പ്രദര്‍ശനത്തിനെത്തുക.
അതേസമയം ദേവദൂതൻ ആഗോളതലത്തില്‍ ആകെ 3.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. 2023ല്‍ വീണ്ടുമെത്തിയ സ്‍ഫടികം 3.1 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്.