കോവിഡ് ബാധിച്ച് ഡൽഹിയിലെ ആശുപത്രിയിൽ കഴിഞ്ഞ എളമരം കരീം എംപിയുടെ പഴ്സണൽ സ്റ്റാഫ് രാഹുലിന്റെ അനുഭവക്കുറിപ്പ് ;
കോവിഡ് ബാധിച്ച് ഡൽഹിയിൽ അഡ്മിറ്റ് ആയ ദിവസങ്ങളിൽ അനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളു പിടയുകയാണ്.മൂന്നുപേർ കൺമുമ്പിൽ വച്ച് വേണ്ടത്ര ചികിത്സ കിട്ടാത്തതുകൊണ്ട് മരിച്ചു വീഴുന്നത് കാണേണ്ടി വരിക, കൃത്യമായി ജോലി ചെയ്യാത്ത ആരോഗ്യപ്രവർത്തകർ കാരണം മലമൂത്രവിസർജനം പോലും നടത്താൻ പറ്റാത്ത ഒരു സമയത്ത് തന്റെ വിസർജനത്തിന്മേൽ രണ്ട് ദിവസത്തോളം ഇരിക്കേണ്ടിവരുക
ഇതെല്ലാം ഓർക്കുമ്പോൾ ഇപ്പോഴും ഉള്ള കാളും.
അവിടെ നിന്ന് രക്ഷപ്പെട്ടു കേരളത്തിലെത്തിയത് കൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടിയ അനുഭവം.2 ആരോഗ്യ സംസ്കാരങ്ങളുടെയും സർക്കാർ മേഖലയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യപ്രവർത്തകരുടെ പരിചരണത്തിലും പെരുമാറ്റത്തിലും ഉള്ള വ്യത്യാസത്തിന്റെ നേർസാക്ഷ്യമാണ്.
ഏപ്രിൽ 16ന് രാത്രി മുതലാണ് കൊറോണവൈറസ് എനിക്ക് സ്ഥിതീകരിച്ചത്.കൂടുതൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഡൽഹിയിലെ ആശുപത്രിയിൽ
പ്രവേശിച്ചു.
ശരീരമാസകലം വേദനയും വിറയലും തലവേദന കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല.
അങ്ങനെ ഞാനും വീണു.
ഡൽഹിയിലെ കോവിഡ് വ്യാപനത്തിന്റെ ഭീകരാവസ്ഥ ശരിക്കും മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു പിന്നീട്.
എത്ര വലിയ ഇടപെടൽ നടത്തിയിട്ടും ഒരു ഓക്സിജൻ ബെഡ് പോലും കിട്ടാത്ത സാഹചര്യം.
ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ ഒരു നിമിഷം പോലും ജീവൻ നിലനിർത്താൻ പറ്റില്ല എന്ന സാഹചര്യം വന്നു.ഒന്നാം ദിവസം തന്നെ ഇവിടെ കിടന്നാൽ അധികനാൾ ആയുസ്സ് ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു.
വലിയ ഹാളിൽ നൂറുകണക്കിന് രോഗികൾ.ഡോക്ടർ, നഴ്സ് അറ്റൻഡർ,അങ്ങനെ ആരും സ്ഥിരമായി അതിനകത്ത് ഇല്ല.
രാവിലെയും ഉച്ചയ്ക്കും രാത്രിയും ഇഞ്ചക്ഷനും മരുന്നുകളും തന്ന് അവർ പോകും. അതിനിടയിൽ ആർക്ക് എന്തു പറ്റിയാലും ആരും അറിയുന്നില്ല. ഒന്നും പറ്റാത്ത ഒരാൾ ആണെങ്കിൽ അവിടെ കിടന്ന് ചക്രശ്വാസം വലിക്കുo, ഇതാണ് അവസ്ഥ.
ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം കട്ടിലിനു മുകളിൽ സമയമാകുമ്പോൾ കൊണ്ടുവയ്ക്കും. കഴിച്ചാലും കഴിച്ചില്ലെങ്കിലും അത് പ്രശ്നമില്ല.
രോഗികൾക്ക് പുതുക്കാൻ പുതപ്പ് ഇല്ല.ശരീരം തളർന്നു തലകറങ്ങി കട്ടിലിലേക്ക് തന്നെ വീണു. പുതുതായി വന്ന അറ്റൻഡറോഡ് എസി ഓഫ് ചെയ്യാൻ കരഞ്ഞുപറഞ്ഞു. അതിന് അയാൾ പറഞ്ഞ മറുപടി ഇതൊന്നും എന്റെ ജോലി അല്ല എന്നായിരുന്നു.ഞാൻ ആ കോവിഡ് വാർഡിലേക്ക് കയറിയപ്പോൾ എതിർവശത്തെ കട്ടിലുങ്ങളിൽ ഉള്ള രണ്ടുപേരെ ശ്രദ്ധിച്ചിരുന്നു. ഒരാൾക്കു ഒരു 45 വയസ്സ് പ്രായം വരും മറ്റെയാൾ കുറച്ച് കൂടുതൽ പ്രായമുള്ള ആളാണ്.രണ്ടുപേരും കാഴ്ചയിൽ അത്ര വലിയ പ്രശ്നം ഉള്ളവർ അല്ല.ഇവർ രണ്ടുപേരുടെയും പിന്നെ എൻറെ ഇടതുവശത്ത് കിടക്കുന്ന ആളുടെയും മരണം കാണേണ്ടി വന്നതാണ് ഇപ്പോഴും മനസ്സിനെ ആസ്വസ്തമാകുന്നത്.രാവിലെ ജോലി തീർക്കാൻ വന്നവർ അത് കഴിഞ്ഞ് പോകുന്നു.
മറ്റൊരു ഭീകരനായ അനുഭവം മൂന്നാമത്തെ മരണമാണ്. എൻറെ എതിർവശത്ത് കിടക്കുന്ന, കുറച്ചു പ്രായമുള്ള മനുഷ്യന്റെ മരണം. അദ്ദേഹം നന്നായി ഭക്ഷണം കഴിക്കുകയും വീട്ടിലേക്ക് എല്ലാ ദിവസവും വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.ഒരു ദിവസം രാത്രി ഉറക്കത്തിനിടയിൽ അദ്ദേഹം ഓക്‌സിജൻ മാസ്ക് മാറ്റി. പിറ്റേദിവസം അദ്ദേഹം അബോധാവസ്ഥയിലായി.
ഒരു ദിവസം രണ്ട് ഡോക്ടർമാർ വന്ന് അദ്ദേഹത്തെ പരിശോധിച്ചു
കുറേ കഴിഞ്ഞ് അവർ അവരുടെ പാട്ടിനു പോയി. അബോധാവസ്ഥയിൽ കിടക്കുന്ന ആ മനുഷ്യന് ഓക്സിജൻ മാസ്ക്ക് ശരിയായി വച്ചു കൊടുക്കാൻ പോലും ആരും മനസ്സു കാണിച്ചില്ല.
അങ്ങനെ അദ്ദേഹം മരിക്കുകയും ചെയ്തു.ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഇത്രയും കാണുകയും അനുഭവിക്കുകയും ചെയ്തപ്പോൾ തന്നെ മാനസികമായി ഏറെ തളർന്നിരുന്നു ഞാൻ.കൃത്യമായ പരിചരണം കിട്ടാത്തതു മൂലം ശരീരം ആകെ തളർന്നിരുന്നു.
പതിവുപോലെ അവരുടെ സമയമാകുമ്പോൾ വന്ന് ഇഞ്ചക്ഷനും മരുന്നുകളും തന്ന് ഓക്സിജനും നോക്കി തിരിച്ചുപോകും.
അങ്ങനെയാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്താനുള്ള ആലോചന വന്നത്.അഞ്ച് ദിവസത്തെ പരിശ്രമത്തിന് ശേഷം ഒരു എയർ ആംബുലൻസ് റെഡിയായി. അങ്ങനെ 1 ന് കാലത്ത് ഞാൻ ആർ എം ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്. കേരളത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യപ്രവർത്തകരുടെ സ്നേഹവും മനസ്സിന് വല്ലാത്ത ബലം നൽകി.ഇവിടം സ്വർഗം ആയിരുന്നു.എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം കേട്ടോ എന്ന് സ്നേഹത്തോടെ പറഞ്ഞു അടുത്ത് വന്നിരുന്ന നഴ്സുമാർ.എൻറെ ഒരാഴ്ചത്തെ ദുരിതത്തിനു ശേഷം കൈവന്ന ഏറ്റവും സന്തോഷം തന്ന അനുഭവമായിരുന്നു അത്.
മെഡിക്കൽ കോളേജിൽ എന്നെ ഐസിയുവിലേക്ക് മാറ്റി. ഓരോ സമയത്തും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് അടുത്ത് വന്ന് ചോദിക്കും,സ്നേഹത്തോടെ ഡോക്ടർമാർ കൃത്യമായി കാര്യങ്ങൾ അന്വേഷിക്കും, ടെസ്റ്റുകൾ നടത്തും,ഇപ്പോൾ ഇത്രെയെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ എനിക്ക് സാധിച്ചത് ആരോഗ്യ പ്രവർത്തകരുടെ സ്നേഹവും പരിചരണവും ഒന്നുകൊണ്ടുമാത്രമാണ്. മെഡിക്കൽ കോളേജ് ഐസിയുവിൽ കിടന്ന് നല്ല പരിചയം കിട്ടിയതോടെ ആരോഗ്യം നന്നായി മെച്ചപ്പെട്ടു.കോവിഡ് പരിശോധന നെഗറ്റീവ് ആയപ്പോൾ ഐ സി യുവിൽ നിന്ന് മാറ്റി.
മെഡിക്കൽ കോളേജ് ഐ സി എൽ ഞാൻ വന്നതിനു ശേഷം രണ്ട് മരണം നടന്നിരുന്നു. പ്രായമായ രണ്ടു പേർ. അത് തടയാൻ അവിടുത്തെ ആരോഗ്യ പ്രവർത്തകർ നടത്തിയ ശ്രമവും, ഡോക്ടർമാരും നഴ്സുമാരും കാണിച്ച് വെപ്രാളം ഒരു മനുഷ്യ ജീവൻ ഇവരെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് വെളിവാക്കുന്നു.
കേരളവും,ഡൽഹിയും ആരോഗ്യപരിപാലനത്തിൽ രണ്ടുതരത്തിലാണ്. മനുഷ്യ ജീവന് ഒരു വിലയും കല്പിക്കാത്ത സംവിധാനവും, ആരോഗ്യ പ്രവർത്തകനാണ് അവുടുത്തെ ശാപം.കേരളത്തിൽ ആകട്ടെ ഒരു നല്ല ആരോഗ്യ സംസ്കാരം ആണ്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലെ പരിചരണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം.ഇവിടെ സ്വകാര്യ ആശുപത്രിയിൽ പോലും പ്രതിഫലിക്കുന്നത് കേരളത്തിലെ ആരോഗ്യ സംസ്കാരമാണ്.