കാണാതായ വ്യക്തിയെ കണ്ടെത്താൻ തിരച്ചിലിനിറങ്ങിയ ഉദ്യോഗസ്ഥർക്കൊപ്പം മണിക്കൂറുകൾ തിരച്ചിൽ നടത്തി കാണാതായ വ്യക്തിയും. തുർക്കിയിൽ നിന്നാണ് ഈ കൗതുക വാർത്ത വരുന്നത്. 50 വയസുള്ള ബെയ്ഹാൻ മുലുവാണ് തന്നെ തേടി നടന്ന സംഘത്തിനൊപ്പം മണിക്കൂറുകൾ ചെലവഴിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോഴാണ് 50കാരനായ ബെയ്ഹാനേ കാണാതാകുന്നത്. ഇയാൾ മദ്യത്തിന്റെ ലഹരിയിൽ കാട്ടിലേക്ക് നടന്നുപോവുകയായിരുന്നു. സുഹൃത്തുക്കൾ അന്വേഷിച്ച് ഇറങ്ങിയിട്ടും ഇയാളെ കണ്ടെത്താനായില്ല. ഒടുവിൽ സുഹൃത്തുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെ പൊലീസ് കാട്ടിൽ തിരച്ചിലിനെത്തി.
ഈ സമയം കാട്ടിൽ അലഞ്ഞുനടന്ന ഇയാൾ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പവും നാട്ടുകാർക്കൊപ്പവും തിരച്ചിലിനും കൂടി. കാണാതായ ആരെയോ തേടിയുള്ള തിരച്ചിലാണ് നടക്കുന്നതെന്നാണ് ഇയാൾ തെറ്റിദ്ധരിച്ചത്. മണിക്കൂറുകൾക്ക് ശേഷവും ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഒടുവിൽ പൊലീസുകാർ ഇയാളുടെ പേര് ഉറക്കെ വിളിച്ച് തിരച്ചിൽ നടത്തി. അപ്പോഴാണ് ഇവർ തന്നെയാണ് അന്വേഷിക്കുന്നതെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. ഒടുവിൽ താൻ ഇവിടെ തന്നെയുണ്ട് എന്ന് തിരച്ചിൽ സംഘത്തിലെ വ്യക്തി തന്നെ പറഞ്ഞതോടെ പൊലീസും നാട്ടുകാരും അമ്പരന്നു.