ജൂലൈ 4 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയും ആരാധകരും ചേർന്ന് ‘വന്ദേമാതരം’ ആലപിച്ചപ്പോൾ ഇന്ത്യ മുഴുവൻ അതേറ്റുപാടി. ഒരേ സ്വരത്തിൽ വന്ദേമാതരം പാടുന്ന ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെയും കാണികളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ബിസിസിഐ പങ്കുവെച്ച വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് എ ആർ റഹ്മാൻ.
വന്ദേമാതരം എന്ന് ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എ ആർ റഹ്മാനൊപ്പം സംവിധായകൻ ഭരത് ബാലയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വന്ദേമാതരം വീഡിയോയുടെ സംവിധായകനായിരുന്നു ഭരത് ബാല. 27 വർഷം മുമ്പ് സൃഷ്‌ടിച്ച ഈ ദേശീയ ഗാനം വീണ്ടും കേൾക്കുമ്പോൾ ശരിക്കും ഇമോഷണലാകുന്നു, എന്നായിരുന്നു ഭരത് ബാല കുറിച്ചത്.
ട്വന്റി 20 ലോകകപ്പിൽ ഒരു മത്സരംപോലും പരാജയപ്പെടാതെയാണ് ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പ് രണ്ട് തവണ സ്വന്തമാക്കിയ മൂന്ന് ടീമുകളിലൊന്ന് ഇന്ത്യയാണ്. മുമ്പ് ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസുമാണ് രണ്ട് തവണ ലോകചാമ്പ്യന്മാരായിട്ടുള്ളത്. അതേസമയം, ലോകകപ്പുമായി ഇന്ത്യയിലെത്തിയ രോഹിത് ശര്‍മ്മയെയും സംഘത്തെയും സ്വീകരിക്കാന്‍ കോടിക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച മുംബൈയില്‍ എത്തിച്ചേര്‍ന്നത്. 11 വര്‍ഷമായി കിരീടത്തിന് കാത്തിരിക്കുന്ന ആരാധകരോട് ക്യാപ്റ്റന്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.