ഇടുക്കി പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. തൊടുപുഴ കരിമണ്ണൂരില്‍ വാടകക്ക് താമസിക്കുകയായിരുന്ന യുവതിയാണ് ക്രൂര കൊലപാതകം നടത്തിയത്. ഇന്ന് പുലര്‍ച്ചെ കരിമണ്ണൂരിലെ വീട്ടില്‍വെച്ച് പ്രസവിച്ച യുവതിക്ക് അമിതരക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തായത്.
ഭര്‍ത്താവിനൊപ്പമായിരുന്നു യുവതി രക്തസ്രാവത്തിന് ചികിത്സ തേടിയെത്തിയത്. എന്നാല്‍ യുവതിക്ക് പ്രസവം നടന്നതായി ബോധ്യമായ ഡോക്ടര്‍മാര്‍ കുഞ്ഞ് എവിടെയന്ന് ചോദിച്ചു. എന്നാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതിയും ഭര്‍ത്താവും പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോള്‍ കുഞ്ഞ് മരിച്ച്‌പോയെന്നാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ പ്രസവിച്ച ഉടന്‍ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത് സമ്മതിച്ചത്. കുഞ്ഞിന്റെ മൃതദേഹം വീട്ടിലുണ്ടെന്നും ഇവര്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ബാത്ത്‌റൂമില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തൊടുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പോലീസെത്തി വീട്ടില്‍ പരിശോധന നടത്തുന്നുണ്ട്. കൊലക്ക് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.