Spread the love

മോഹൻലാൽ നായകനായ ‘ദൃശ്യം’ പരമ്പരയിലെ മൂന്നാംഭാഗം ഏപ്രിലിൽ തിയേറ്ററിലെത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ്. ചിത്രം ഏപ്രിൽ ആദ്യവാരം റിലീസ് ചെയ്യുമെന്ന് കൊച്ചിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജീത്തു പറഞ്ഞു. ആദ്യമായാണ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തുന്നത്. ‘ദൃശ്യം 3’ ഹിന്ദി റീമേക്കിന്റെ റിലീസ് തീയതി നേരത്തേ പുറത്തുവന്നിരുന്നു.

ദൃശ്യം ആളുകളെ സ്വാധീനിച്ചൊരു സിനിമായായി മാറി. അതിന്റെ ഭാരമുണ്ട്. വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം നിങ്ങൾക്ക് വന്ന് ദൃശ്യം 3 കാണാം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇതുവരെ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നു’- ജീത്തു പറഞ്ഞു.

‘ജനുവരി 30-ന് വേറൊരു സിനിമ റിലീസ് ചെയ്യുന്നുണ്ട്. ബിജു മേനോനും ജോജു ജോർജും ഒന്നിച്ചഭിനയിച്ച ‘വലതുവശത്തെ കള്ളൻ’. നല്ലൊരു സിനിമയായിരിക്കും, ഞാൻ വളരേ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ദിവസം ടീസർ പുറത്തിറങ്ങി’- ജീത്തു പറഞ്ഞു. ‘ദൃശ്യം മാത്രമല്ല കേട്ടോ, ഞാൻ വേറേയും സിനിമകൾ ചെയ്യുന്നുണ്ട്’, എന്നും തമാശരൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.

ജീത്തു തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ചിത്രത്തിന്റെ ആദ്യരണ്ടുഭാഗങ്ങൾ വലിയ വിജയമായിരുന്നു.

അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിലെത്തേണ്ടിയിരുന്ന അക്ഷയ് ഖന്ന പിന്മാറിയത് വലിയ വിവാദമായിരുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനംചെയ്യുന്നത്.

Leave a Reply