ന്യൂഡൽഹി∙ പ്രശസ്ത കുച്ചിപ്പുടി നർത്തകൻ അമർനാഥ് ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അമേരിക്കൻ ഭരണകൂടവുമായി തങ്ങൾ ബന്ധപ്പെട്ട് വരികയാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു . ചൊവാഴ്ച യുഎസിലെ മിസോറിയിൽ സായാഹ്ന നടത്തത്തിനിടെയാണ് അമർനാഥ് വെടിയേറ്റ് മരിച്ചത്. സെന്റ് ലൂയിസിലെ വാഷിങ്ടൺ സർവകലാശാലയിൽ നൃത്തത്തിൽ ഉപരിപഠനം നടത്തുകയായിരുന്നു അമർനാഥ് ഘോഷ്. കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു.
പൊലീസിനും ഫോറൻസിക് വിഭാഗത്തിനും എല്ലാവിധ പിന്തുണയും തുടർ അന്വേഷണത്തിനായി നൽകുന്നുണ്ടെന്ന് ചിക്കാഗോയിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. അമർനാഥിന്റെ ബന്ധുക്കൾക്ക് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും അധികൃതർ വാഗ്ദാനം ചെയ്തു. കൊലപാതകത്തിന്റെ കാരണമോ കുറ്റവാളികള്‍ ആര് എന്നതു സംബന്ധിച്ച വിശദാംശങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല.
കൊല്ലപ്പെട്ട ഘോഷ് ചെന്നൈയില്‍ നിന്നുള്ള ഒരു കലാ അധ്യാപകനായിരുന്നു. കൊല്‍ക്കത്തയിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. ചെന്നൈയിലെ കലാക്ഷേത്ര കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെയും കുച്ചുപ്പുടി ആർട് അക്കാദമിയിലെയും പൂർവ വിദ്യാർഥിയായിരുന്നു. കുച്ചിപ്പുടിക്ക് ദേശീയ സ്കോളർഷിപ്പ് അടക്കം ലഭിച്ചിട്ടുണ്ട്. ബോബിത ഡേ സർക്കാർ, എം.വി.നരസിംഹാചാരി, അഡയാർ കെ.ലക്ഷ്മൺ എന്നിവരുടെ കീഴിലാണ് അദ്ദേഹം പരിശീലനം നേടിയത്.