നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ഘട്ടത്തിലാണ് നിലവിൽ താൻ ഉള്ളതെന്ന് പല അഭിമുഖങ്ങളിലും താരം തന്നെ പറഞ്ഞിട്ടുമുണ്ട്.
ഇത്തരത്തിൽ ഇപ്പോൾ ഇതാ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലെ തന്റെ വേഷപ്പകർച്ചയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ആകാംക്ഷയോടെ നോക്കുന്നത്.’എനിക്ക് തന്നെ പേടിയാവുന്നുണ്ട്, എന്നെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നതെന്ന്. പുകവലിയും മദ്യപാനവും പോട്ടെ. ആ സിനിമയുടെ പേര് തൽക്കാലം പറയുന്നില്ല. സമൂഹത്തിൽ ഒരിക്കലും മാതൃകയാക്കാൻ പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. പ്രേക്ഷകർക്ക് എന്നെ കൊല്ലാൻ തോന്നുന്ന തരത്തിലുള്ള കാര്യങ്ങളാണ് ആ സിനിമയിൽ ചെയ്യിപ്പിക്കുന്നത്’ എന്നാണ് ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ താരം പറഞ്ഞത്.
എന്തായാലും ഈ വീഡിയോ ശകലം വൈറലായതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാര്‍ക്കോയാണ് ആ ചിത്രം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സൂചന. മിഖായേല്‍ എന്ന ചിത്രത്തിലെ മാര്‍ക്കോ എന്ന വില്ലന്‍റെ സ്പിന്‍ ഓഫാണ് ഈ ചിത്രം.