Spread the love

കോട്ടയം ∙ തിരുവല്ലയിൽ നിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരി ഇന്നു പുലർച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത് നാടകീയമായി. ഇന്നു പുലർച്ചെ നാലരയോടെ ഓട്ടോയിലാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ വന്നത്. കോട്ടയത്തുനിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് അറിഞ്ഞത്. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച രണ്ടു തൃശൂർ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഒരാളേക്കൂടി തൃശൂരിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അതുലിനെയും അജിലിനെയും സഹായിച്ചയാളാണ് ഇതെന്നാണ് അറിയിപ്പ്.

അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഇന്ന് ഉച്ചയോടെ തിരുവല്ലയിലെത്തിക്കും. പെൺകുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. പെൺകുട്ടിയുടെയും തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളുടെയും ചിത്രം ഇന്നലെ വൈകിട്ട് തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു ഇത്. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഇത് വൻതോതിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് പറയുന്നത്.

ഇരുവരും വെള്ളിയാഴ്ച തിരുവല്ലയിലെത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പെൺകുട്ടിയുടെയും യുവാക്കളുടെയും ചിത്രം സഹിതം കാണാതായ വാർത്ത പൊലീസ് പുറത്തുവിട്ടതോടെയാണ് ഇവർ തിരിച്ചെത്താൻ നിർബന്ധിതരായത്. തുടർന്ന് ബസ് മാർഗം തിരുവല്ലയിലെത്തി പെൺകുട്ടിയെ ആരുമറിയാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് ഒരാൾ പിടിയിലായത്. രണ്ടാമനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Leave a Reply