സൗദിവത്ക്കരണ നിബന്ധനകൾ പുതിയ മേഖലകളിലേക്ക് നീങ്ങിയതോടെ പ്രവാസികൾ വരും ദിനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നത് ഭാവിയിൽ ഇഖാമ പുതുക്കുന്നതിനും പ്രൊഫഷൻ മാറുന്നതിനും മറ്റുമുള്ള പ്രയാസങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കും.
അഡ്‌മിനിസ്റ്റ്രേറ്റീവ് സപ്പോർട്ടിംഗ് ജോലികളുമായി ബന്ധപ്പെട്ട 8 പ്രൊഫഷനുകൾ നുറു ശതമാനം സൗദിവത്ക്കരണം നടത്തുന്നതിനുള്ള തീരുമാനമായിരിക്കും വരും ദിനങ്ങളിൽ നിരവധി പ്രവാസികളെ സംബന്ധിച്ചിടത്തോളം നിർണ്ണായകം.
മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ സെക്രട്ടറി, സ്റ്റോർ കീപർ, ഡാറ്റാ എൻട്രി തുടങ്ങിയ പ്രൊഫഷനുകളിൽ ധാരാളമായുണ്ട്. പല മലയാളികളും സുരക്ഷിതമായ പ്രൊഫഷൻ എന്ന നിലയിൽ ഡാറ്റാ എൻട്രി ക്ളർക്ക് പ്രൊഫഷനിലേക്കും മറ്റും മാറിയവരായും ഉണ്ട്.
അഡ്‌മിനിസ്റ്റ്രേറ്റീവ് സപ്പോർട്ടിംഗ് ജോലിയുമായി ബന്ധപ്പെട്ട ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോർ കീപർ, സെക്രട്ടറി, സെക്രട്ടറി ആൻ്റ് ഷോർട്ട് ഹാൻഡ് റൈറ്റർ, എക്സിക്യൂട്ടീവ് സെക്രട്ടറി, ഡാറ്റാ എൻട്രി ക്ളർക്ക് എന്നീ 8 പ്രൊഫഷനുകളാണു അടുത്ത മെയ് 8 മുതൽ 100 ശതമാനം സൗദിവത്ക്കരണത്തിനു വിധേയമാകുക.
ഏതായാലും അടുത്ത 6 മാസം കൂടി കഴിഞ്ഞാൽ ഈ പ്രൊഫഷനിൽ വിദേശികൾക്ക് തുടരാൻ സാധിക്കില്ല എന്നത് തീർച്ചയാണ്. അത് കൊണ്ട് തന്നെ സാധിക്കുമെങ്കിൽ ഇപ്പോൾ തന്നെ 100 ശതമാനം സൗദിവത്ക്കരണം ബാധകമാകുന്ന പ്രൊഫഷനുകൾ മാറി സുരക്ഷിതമാകുകയോ പ്രൊഫഷൻ മാറാൻ സാധിക്കുന്നില്ലെങ്കിൽ സുരക്ഷിതമായ പ്രൊഫഷനിലുള്ള ഏതെങ്കിലും വിസകൾ സ്ഥാപനത്തിൽ നിന്ന് തന്നെ സംഘടിപ്പിക്കുകയോ ചെയ്യുന്നത് പ്രവാസികൾക്ക് ഗുണം ചെയ്യും.