സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം കല്ലിയൂരില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. നിലവില്‍ 22 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി കളക്ടര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ജില്ലയിലെ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഈരാറ്റുപേട്ട അരുവിത്തുറ പാലം മുങ്ങി.
അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാനായി ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പറുകള്‍: ദേവികുളം: 0486-5264231, ഇടുക്കി: 0486-2235361, തൊടുപുഴ: 0486-2222503.
കോട്ടയത്ത് കണ്‍ട്രോള്‍ റൂം തുറന്നു
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍:
മീനച്ചില്‍: 0482- 2212325
ചങ്ങനാശ്ശേരി: 0481-2420037
കാഞ്ഞിരപ്പള്ളി: 0482-8202331
വൈക്കം: 0482-9231331
കോട്ടയം: 0481-2568007, 2565007
കൊല്ലം വിളക്കുടിയില്‍ 14 കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്ത് നെയ്യാര്‍, കരമനയാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ മണക്കാട്, പത്തനംതിട്ടയില്‍ മടമണ്‍ എന്നിവിടങ്ങളിലും ഓറഞ്ച് അലേര്‍ട്ടാണ്. കോതമംഗലത്ത് മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് 38 കുടുംബങ്ങളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും.