Spread the love
നിലമ്പൂർ -ഷൊർണൂർ പാതയിലെ ട്രെയിനുകളുടെ സമയമാറ്റം ദുരിതമായി

അങ്ങാടിപ്പുറം: നിലമ്പൂർ -ഷൊർണൂർ റെയിൽപ്പാതയിൽ കോവിഡിന് മുൻപ് ഓടിയിരുന്ന വണ്ടികളെല്ലാം ജൂലായ് ഒന്നുമുതൽ ഓടിത്തുടങ്ങും. എന്നാൽ സമയമാറ്റം യാത്രക്കാർക്ക് ദുരിതമായി. ഷൊർണൂരിൽ നിന്നുള്ള ചില കണക്‌ഷൻ വണ്ടികൾ കിട്ടാതെ വരുന്നതാണ് പ്രധാന പ്രശ്നം. പാലക്കാട് -നിലമ്പൂർ സർവീസും ഉച്ചയ്ക്കുള്ള ഷൊർണൂർ -നിലമ്പൂർ സർവീസുകളുമാണ് അൺ റിസർവ്ഡ് സ്പെഷ്യൽ എക്‌സ്‌പ്രസ് വണ്ടികളായി കഴിഞ്ഞദിവസം സർവീസ് തുടങ്ങിയത്.

അവസാനം പുനഃസ്ഥാപിച്ച വണ്ടിക്ക് നേരത്തെ ഷൊർണൂരിൽ നിന്ന് കണക്‌ഷൻ ലഭിച്ചിരുന്ന മംഗലാപുരം -തിരുവനന്തപുരം, കണ്ണൂർ -യശ്വന്തപൂർ (ബംഗളൂരു), മംഗലാപുരം -ചെന്നൈ എക്‌സ്‌പ്രസ് വണ്ടികൾക്കുള്ള കണക്‌ഷൻ കിട്ടാത്ത തരത്തിലാണ് പുതിയ സമയക്രമം.

ഇങ്ങോട്ടുള്ള 06475 വണ്ടി മുൻപ് വൈകീട്ട് 7.30- ന് ഷൊർണൂർ വിട്ടിരുന്നത് വൈകിച്ച് ഇപ്പോൾ 8.10 ആക്കി. എന്നാൽ അത് അൽപ്പംകൂടി വൈകിച്ച് എറണാകുളം -ഷൊറണൂർ മെമുവിനോ, തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദിക്കോ കണക്‌ഷൻ ആക്കണമെന്ന നിർദേശവും ദക്ഷിണറെയിൽവേ ഗൗനിച്ചില്ലെന്ന്‌ യാത്രക്കാർ പറയുന്നു.

കോവിഡിന് മുൻപ് നിലമ്പൂരിൽ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ടിരുന്ന വണ്ടിക്ക് ഇപ്പോഴുള്ള സമയം രാവിലെ 10.10 ആണ്. ഇതോടെ രാവിലെ ഷൊർണൂരിൽ നിന്ന് പരശുറാം, ശബരി, നേത്രാവതി എക്‌സ്‌പ്രസുകൾക്ക് കണക്‌ഷൻ ഇല്ലാതായി. നിലമ്പൂർ -കോട്ടയം എക്‌സ്‌പ്രസിന്റെ സ്റ്റോപ്പുകളിലും പരാതിയുണ്ട്. നിലമ്പൂർ -ഷൊർണൂർ പാതയിൽ വാണിയമ്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകളിൽ മാത്രമാണ് നിലവിൽ സ്റ്റോപ്പുകളുള്ളത്.

കോവിഡിന് മുൻപ് നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള സർവീസ് ഏഴുമണിക്ക് തുടങ്ങിയിരുന്നതിന്റെ സമയം തന്നെ നേരത്തെയാക്കണമെന്ന ആവശ്യമുണ്ടായിരുന്നു.

Leave a Reply