തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം മാറ്റിവച്ചു. അടിസ്ഥാന ശമ്പളമടക്കം കുറവ് വരുന്ന രീതിയിൽ ഉണ്ടായ ശമ്പള പരിഷ്കരണത്തിലെ നിരവധി അപാകതകൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കെ ജി എം ഒ എ സർക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. വിഷയം പരിഹരിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്തുള്ള ജോലികളിൽ നിന്ന് വിട്ടു നിന്നു കൊണ്ട് കെജിഎംഒഎ നിസ്സഹകരണ സമരത്തിലായിരുന്നു.
പ്രതിഷേധവുമായി മുന്നോട്ടു പോകുമ്പോഴും ചർച്ചകളോട് ക്രിയാത്മകമായി സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് സംഘടന വ്യക്തമാക്കി.ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായ എന്‍ട്രി കേഡറിലെ അടിസ്ഥാനശമ്പളത്തില്‍ വരുത്തിയ കുറവ് പരിഹരിക്കുകയെന്നത് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പ്രമോഷൻ തസ്തികകളിലെ പേഴ്സണൽ പേ ഒഴിവാക്കിയതും, അലവൻസുകൾ നിഷേധിച്ചതും ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങൾ തുടർ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന് ധാരണയായി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കെ ജി എം ഒ എ പ്രഖ്യാപിച്ച എല്ലാ പ്രതിഷേധ പരിപാടികളും മാറ്റി വച്ചത്.
പ്രശ്നപരിഹാരത്തിന് പിന്തുണയേകുന്ന വളരെ സൗഹാർദ്ദ സമീപനമായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സംഘടന അറിയിച്ചു സർക്കാരിൻ്റെ എല്ലാ പൊതുജനാരോഗ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടനയുടെ ഭാഗത്തു നിന്ന് തുടർന്നും ഉണ്ടാകുമെന്നും സംഘടന അറിയിച്ചു.